പത്തനംതിട്ട: ഒൻപതാമത് സംസ്ഥാന ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നാളെ മുതൽ തിരുവല്ല പബ്ലിക് സ്റ്റേഡിയം, മാർത്തോമ്മ കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടക്കും. 14 ജില്ലകളിൽ നിന്നുമുള്ള പുരുഷ ബധിര ടീമുകൾ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കണമെന്ന് പബ്ലിസിറ്റി കൺവീനർ റോയി വർഗ്ഗീസ് ഇലവുങ്കൽ അറിയിച്ചു. നാളെ 11ന് കണ്ണൂരും പാലക്കാടും തമ്മിൽ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. 17ന് രാവിലെ 10 മണിക്ക് ആന്റോ ആന്റണി എം.പി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.
മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. 19ന് 4 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ രാജ്യാന്തര ക്രിക്കറ്റ് താരം ടിനു യോഹന്നാൻ വിജയികൾക്ക് ട്രോഫികൾ നൽകും. 19ന് 2 മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. കേരള ബധിര സ്‌പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് പത്തനംതിട്ട ബധിര പോർട്സ് കൗൺസിലാണ്. ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിനായി തിരുവല്ല നഗരസഭാദ്ധ്യക്ഷൻ ചെറിയാൻ പോളച്ചിറയ്ക്കൽ സ്വാഗതസംഘം ചെയർമാനായും കേരള ബധിര സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ജോവാൻ.ഇജോയി ജനറൽ കൺവീനറായും റോയി വർഗ്ഗീസ് കോ ഓർഡിനേറ്ററായുംവിപുലമായ സംഘാടന സമിതി രൂപീകരിച്ചു.