kavadi

ചെങ്ങന്നൂർ: വർണവിസ്മയം തീർത്ത് പുലിയൂരിൽ മകര സംക്രമക്കാവടിയാട്ടം. നാദസ്വരവും ചെണ്ടയും തീർത്ത മേളപ്പെരുക്കത്തിൽ കാവടിയാട്ടം വിസ്മയകാഴ്ചയായി. ഇരട്ടക്കാവടികൾ, അറുമുഖ കാവടികൾ, പീലിക്കാവടികൾ, തേർ കാവടികൾ എന്നിവ ഭക്തിയോടൊപ്പം കൗതുകവും ഉണർത്തി. കാഴ്ചയിൽ 25 അടിയിലധികം ഉയരം തോന്നിക്കുന്ന കാവടികളും ഘോഷയാത്രയിൽ പങ്കെടുത്തു. വൻ ജനാവലി റോഡിനിരുവശവും കാവടിയാട്ടം കണ്ടുതൊഴാൻ കാത്തു നിന്നു. പനിനീർ, പാൽ, എണ്ണ, കരിക്ക്, തേൻ, കർപ്പൂരം, അന്നം, കളഭം, പുഷ്പം എന്നിവയാണ് കാവടി നിറയ്ക്ക് ഉപയോഗിച്ചത്. നാലു മുതൽ ഏഴുപത്തിയഞ്ച് വയസ്സുവരെയുള്ളവർ വരെ കാവടിയെടുത്തു. മതസൗഹാർദ്ദം വിളിച്ചോതി വിവിധ സമുദായത്തിൽപ്പെട്ടവരും കാവടിയേന്താനുണ്ടായിരുന്നു. 442 ആട്ടക്കാവടിയും വഴിപാടായി 456 കാവടികളും ഉണ്ടായിരുന്നു. ശിവലിംഗം, ശൂലം, ഗദ, താമര എന്നിവയുടെ ആകൃതിയിലുള്ള കാവടികൾ വേറിട്ട കാഴ്ചയായി.
പേരിശ്ശേരി പഴയാറ്റിൽ ദേവീക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്ര ആരംഭിച്ചു.പുലിയൂർ ഗണപതി ക്ഷേത്രത്തിന് മുന്നിൽ വഞ്ചിപ്പാട്ടും താലപ്പൊലിയുമായി ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. 11.30 ഓടെ കാവടികൾ പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രവേശിച്ചു. പ്രദക്ഷിണത്തിനുശേഷം കാവടി അഭിഷേകം നടത്തി. തന്ത്രി തറയിൽ കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി കാർമ്മികത്വം വഹിച്ചു.