ഇളമണ്ണൂർ: ശബരീശ സന്നിധിയും പരിപാവനമായ പമ്പയും ഐതിഹ്യ പെരുമയുളള എരുമേലിയും വാവരുപള്ളിയുമെല്ലാം പുനർ ജനിക്കുകയാണ്... പട്ടാഴി വടക്കേക്കരയിലെ ഒരു കൂട്ടം അയ്യപ്പ ഭക്തരുടെ കരവിരുതിലൂടെ. മണയറ റോഡിന്റെ ഇരുവശങ്ങളിലുമായാണ് മനസിൽ കൊത്തിയെടുത്ത ചെറുമാതൃകകൾ സ്ഥാനം പിടിച്ചിരിക്കുന്നത്. നാല്പ്പത് ദിവസത്തെ കഠിന വ്രതം നോറ്റ് ശരണകേന്ദ്രങ്ങളുടെ പുനരാവിഷ്കാരം ഒരുക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ,കാർഡ് ബോർഡ്, മറ്റു വസ്തുക്കൾ എന്നിവയാണ് നിർമാണത്തിന് ഉപയോഗിച്ചത്. ഏകദേശം 150 മീറ്റർ ദൂരത്തിൽ ഒരുക്കിയിട്ടുള്ള മാതൃകകൾ കാണാൻ ദിനവും നിരവധി പേരാണ് ദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്നത്. ശബരിമല സന്നിധിയും ബന്ധപ്പെട്ട കേന്ദ്രങ്ങളും ദർശിച്ചിട്ടില്ലാത്ത സ്ത്രീകൾക്കും സഹോദര മതസ്ഥർക്കും വേണ്ടിയാണ് ഭക്തിയുടെ കാഴ്ചയൊരുക്കിയിരിക്കുന്നതെന്ന് അയ്യപ്പൻമാർ പറഞ്ഞു. എരുമേലി ശ്രീധർമശാസ്താ ക്ഷേത്രം,പേട്ട ക്ഷേത്രം ,വാവരുപളളി, പരമ്പരാഗത കാനന പാത, കാളകെട്ടി, അഴുത, കല്ലിടാംങ്കുന്ന്, കരിമല, പമ്പ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പമ്പാ നന്ദി, അപ്പാച്ചി മേട്,നീലിമല, ശബരീപീഠം ,മരക്കൂട്ടം, ശരംകുത്തി എന്നിവ പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. പതിനെട്ടാം പടിയും ആഴിയും സോപാനവും ശ്രീകോവിലും മാളികപ്പുറവുമെല്ലാം ഭക്തിയുടെ നേർക്കാഴ്ചയാകുന്നു. ശ്രീശബരീ ഭക്തസമിതിയുടെയും സഹോദര സഖ്യം ബാലവേദിയുടെയും ആഭിമുഖ്യത്തിലാണ് മാതൃകകൾ നിർമ്മിച്ചത്.