sabarimala

ശബരിമല :ഏഴു യുവാക്കൾക്കൊപ്പം സന്നിധാനത്തേക്ക് വന്ന രണ്ടു യുവതികളെ നീലിമലയിൽ ഭക്തർ തടഞ്ഞതിനെ തുടർന്ന് പൊലീസ് തിരിച്ചയച്ചു. കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്ത് (30), ഷാനില സജേഷ് (26) എന്നിവരാണ് ഇന്നലെ പുലർച്ചെ 4.15ന് എത്തിയത്. ദർശനം നടത്തിയേ തിരിച്ചുപോകൂ എന്നു വാശിപിടിച്ച യുവതികളെ മണിക്കൂറുകൾക്കുശേഷം നേരിയ ബല പ്രയോഗത്തിലൂടെയാണ് പൊലീസ് തിരിച്ചിറക്കിയത്. പൊലീസ് വാനിൽ എരുമേലി ഭാഗത്തേക്ക് കൊണ്ടുപോയി. അടുത്തദിവസം വീണ്ടുമെത്തുമെന്ന് സംഘം വീരവാദം മുഴക്കി.

നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ശ്രേയാംസ് കണാരൻ, സുബ്രഹ്മണ്യൻ, സുധൻ, മിഥുൻ, സജേഷ്, പ്രീയേഷ്, അനൂപ് എന്നിവരാണ് യുവതികൾക്കൊപ്പം ഉണ്ടായിരുന്നത്.

രാവിലെ പമ്പയിലെത്തിയ സംഘം സംരക്ഷണം ആവശ്യപ്പെട്ടപ്രകാരം പത്തു പൊലീസുകാരുടെ അകമ്പടിയോടെയാണ് മലകയറിയത്. നീലിമലയിലെ ആദ്യ വാട്ടർ ടാങ്കിന് സമീപത്ത് യുവതികളെ തിരിച്ചറിഞ്ഞ ഏഴു പേർ ശരണംവിളിച്ച് തടയുകയായിരുന്നു. ഉടൻ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയെങ്കിലും മലയിറങ്ങിവന്ന ആന്ധ്രക്കാരായ തീർത്ഥാടക സംഘം രോഷാകുലരായി പ്രതിരോധിച്ചു. ഇതോടെ യുവതികൾ നിലത്തിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ കോവൈ ധർമ്മരാജ അരശ്പീഠത്തിലെ സന്ന്യാസി ശ്രീകൃഷ്ണമൂർത്തി ഗുരുസ്വാമിയുടെ നേതൃത്വത്തിലെത്തിയ 80 അംഗ സംഘം കർപ്പൂരദീപം തെളിച്ച് ഗോബാക്ക് വിളിയുമായി പ്രതിഷേധിച്ചതോടെ രംഗം സംഘർഷഭരിതമായി. തുടർന്ന് രാവിലെ 6.40ഓടെ എസ്.പി ജസ്റ്റിൻ സാബു, എ.എസ്. പി എ.പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള നാൽപ്പതോളം വരുന്ന പൊലീസ് സംഘം വലയം തീർത്ത് യുവതികളെ പമ്പയിൽ തിരിച്ചെത്തിച്ചു.