elanthoor-block
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റേയും എക്‌സൈസ് വകുപ്പിന്റേയും, ശിശുവികസന പദ്ധതി ഓഫീസിന്റേയും നേതൃത്വത്തിൽ നടത്തിയ 'ലഹരിക്കെതിരെ പടയൊരുക്കം' പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി നിർവ്വഹിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യൻ സമീപം

ഇലന്തൂർ : യുവാക്കളിലും, സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്കിടയിലും, വർദ്ധിച്ചുവരുന്ന വിവിധ തരം ലഹരിക്കെതിരെ എക്‌സൈസ് വകുപ്പിന്റെ വിമുക്തിയുടെ സഹകരണത്തോടും ഇലന്തൂർബ്ലോക്ക് പഞ്ചായത്തിന്റെ ' ലഹരിക്കെതിരെ പടയൊരുക്കം' എന്ന പദ്ധതിയും ചേർത്ത് നടത്തുന്ന ലഹരി വിരുദ്ധപരിപാടിയുടെ ബ്ലോക്ക്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിച്ചു. ഒരു വർഷം കൊണ്ട് ഘട്ടം ഘട്ടമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തിൽ പ്രൈമറി, അപ്പർപ്രൈമറി തലത്തിലും മൂന്നാം ഘട്ടത്തിലും, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിലും, നാലാം ഘട്ടത്തിൽ കോളേജ്, ടെക്കിനിക്കൽ സ്ഥാപനത്തിലും, അഞ്ചാം ഘട്ടത്തിൽ ക്ലബുകൾ, ഗ്രന്ധശാല തലത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ അവസാനഘട്ടത്തിൽ ബ്ലോക്ക് പരിധിയിലുള്ള 2000 വിദ്യാർത്ഥികളേയും, യുവാക്കളേയും പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുപ്പിക്കുകയും, അവരെ മദ്യത്തിനെതിരെ പ്രവർത്തന സജ്ജരാക്കുകയുമാണ് ലഹരിക്കെതിരെ പടയൊരുക്കം എന്ന പദ്ധതി ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ശിവരാമൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോൺ.വി.തോമസ്, സാലിതോമസ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വേണുകുട്ടൻപിള്ള,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.അലക്സാണ്ടർ, ശിശുവികസന പദ്ധതി ഓഫീസർ എ.എൻ യമുന എന്നിവർ സംസാരിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സി.പി പ്രഭാകരൻപിള്ള ക്ലാസെടുത്തു. എം.എസ് മധുവും സംഘവും അവതരിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തനത്തെ ആസ്പദമാക്കി നടത്തിയ കാക്കാരിശി നാടകം ഏറെ ശ്രദ്ധേയമായി.