ഏഴംകുളം : ശാരീരിക അവശതകൾ മറന്ന് സൗഹൃദം പങ്ക് വച്ച് മുതിർന്ന പൗരന്മാർ തൊടുവക്കാട്ട് സംഗമിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വികസനസമിതിയും സാമൂഹ്യനീതിവകുപ്പും ചേർന്ന് സംഘടിപ്പിച്ച വയോജന സംഗമമാണ് മുതിർന്ന പൗരന്മാരുടെ പങ്കാളിത്തംകൊണ്ട് വ്യത്യസ്ഥമായി. വയോജന സൗഹൃദ ഗ്രാമം എന്ന ലക്ഷ്യത്തിലെത്തുന്നതിന് മന്നോടിയായിട്ടാണ് തൊടുവക്കാട് ഓഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിച്ചത്. വാർദ്ധക്യത്തിലെ ഒറ്റപെടലും രോഗങ്ങളും മൂലം നിരവധിപ്പേരാണ് ജീവിതം തള്ളിനീക്കുന്നത്. ഇവർക്ക് ആശ്വാസമേകുന്ന പ്രവർത്തനങ്ങൾ തുടർന്ന് നടപ്പിലാക്കുകയെന്നതാണ് പരിപാടികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഇതിന് മന്നോടിയായി സംഘടിപ്പിച്ച വയോജനസംഗമത്തിൽ വാർഡിൽ നിന്നും ഇരുനൂറിലധികം മുതിർന്ന അംഗങ്ങൾ പങ്കെടുത്തു. പരിപാടി സാമൂഹ്യനീതിവകുപ്പ് ജില്ലാ ഓഫീസർ എൽ. ഷീബ ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർ വിജുരാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സീനിയർ സിറ്റിസൺസ് ഫോറം ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി. പ്രകാശ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മഞ്ചു ബിജു, ആസൂത്രണസമിതിയംഗം എസ്.സി.ബോസ്, വാർഡ് വികസന സമിതി കൺവീനർ പി.കെ.ഡാനിയേൽ, തൊടുവക്കാട് അംഗൻവാടി വർക്കർ ഗിരിജദേവി, സി.ഡി.എസ് അംഗം അജിതാ സുധാകരൻ, എ.ഡി.എസ് സെക്രട്ടറി സുനന്ദ പരശുറാം എന്നിവർ സംസാരിച്ചു. സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ പ്രസിഡന്റായി പി.കെ.ഡാനിയേലിനെയും സെക്രട്ടറിയായി രാജനെയും ട്രഷർ ആയി തങ്കച്ചൻ കക്കാടിനെയും തെരഞ്ഞെടുത്തു. വാർഡിലെ മുതിർന്ന പൗരൻമാരുടെ നിലവിലുള്ള അവസ്ഥ പഠിക്കുന്നതിനുവേണ്ടി സർവേ നടത്തുവാനും യോഗം തീരുമാനിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്ത് ഗവ:ആയൂർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ഷൈമ യുസഫിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ച് മരുന്നുകളും വിതരണം ചെയ്തു.