iramallikkara-road
പ്രാവിൻകൂട്-ഇരമല്ലിക്കര റോഡിന്റെ പാർശ്വ ഭാഗങ്ങൾ മണ്ണ് ഇട്ട് ഉയർത്തുന്നു

ചെങ്ങന്നൂർ: പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഫലം കണ്ടു. അപകടത്തുരുത്തായി മാറിയ പ്രാവിൻകൂട്-ഇരമല്ലിക്കര റോഡിന്റെ ഇരുവശങ്ങളിലും മണ്ണ് ഇട്ട് നികത്താൻ ആരംഭിച്ചു. പത്ത് മാസങ്ങൾക്കു മുൻപ് ടാറിംഗ് പൂർത്തിയാക്കിയതോടെയാണ് ഈ റോഡിൽ അപകടങ്ങൾ പെരുകാൻ തുടങ്ങിയത്. ഒരടിയിൽ കൂടുതൽറോഡ് ഉയർത്തി നിർമിച്ചതാണ് അപകടങ്ങൾക്ക് കാരണം. വീതികുറഞ്ഞ ഈ റോഡിൽ മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ കട്ടിംഗിലേക്ക് വീണ് വാഹനങ്ങൾ മറിഞ്ഞ് അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. ഒരു വൃദ്ധ മരിക്കുകയും 15 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കേരളകൗമുദിയും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

നിർമാണത്തിലെ കാലതാമസം അപകടത്തിന് കളമൊരുക്കി

5 കലോമീറ്റർ നീളം വരുന്ന പ്രാവിൻ കൂട് ഇരമല്ലിക്കര റോഡ് 8 മീറ്റർ വീതിയിലാണ് നിർമിക്കേണ്ടത്. ഇപ്പോൾ 5 മീറ്റർ വീതിയിൽ മാത്രമാണ് ടാറിംഗ് നടന്നത്. റോഡിന്റെ ഇരുവശങ്ങളിൽ മൂന്ന് മീറ്റർ വീതിയിൽ അപകടങ്ങൾ കൂടുതലായി ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഒരടി വീതം കോൺക്രീറ്റും ബാക്കി ഭാഗങ്ങൾ മണ്ണ് ഇട്ട് നികത്തി റോഡിന് സമം ആക്കി ഉയർത്താനായിരുന്നു കരാർ.എന്നാൽ ടാറിംഗ് പണികൾ പൂർത്തിയാക്കിയെങ്കിലും വശങ്ങളിൽ മണ്ണിട്ടോ കോൺക്രീറ്റ് ഉപയോഗിച്ചോ ഉയർത്താതിരുന്നതാണ് അപകടത്തിന് കളമൊരുക്കിയത്.

ഓടയുടെ നിർമാണം പൂർത്തിയായില്ല
2017-ൽ കാവുങ്കൽ കൺസ്ട്രക്ഷൻ 5.60 കോടി രൂപയ്ക്കാണ് പൊതുമരാമത്തിൽ നിന്നും റോഡ് നിർമാണത്തിന് കരാർ എറ്റെടുത്തത്. മണ്ണ് നിരത്ത് ജോലി പൂർത്തിയാകുന്നതോടൊപ്പം ഉപ്പു കളത്തിൽ കലുങ്കിന്റെ പാർശ്വഭിത്തികളുടെ നിർമാണം പ്രാവിൻ കൂട് ജംഗ്ഷനിൽ നിന്നും ഉപ്പുകളത്തിൽ തോട്ടിലേയ്ക്ക് റോഡിന്റെ ഒരു വശത്തുകൂടെയുള്ള ഓടയുടെ നിർമാണവും ഇനിയും പൂർത്തിയാക്കാനുണ്ട്.