maramaan


പത്തനംതിട്ട: മാരാമൺ കൺവെൻഷനോട് അനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ ഫെബ്രുവരി ഏഴിനുള്ളിൽ പൂർത്തിയാക്കണമെന്ന് ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശിച്ചു. ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കൺവെൻഷൻ നഗറിൽ നിർമിക്കുന്ന താൽക്കാലിക പാലത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളം മുടങ്ങാതിരിക്കാനും റോഡ് നവീകരണത്തിനും ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു.
ഫെബ്രുവരി 10 മുതൽ 17 വരെയാണ് കൺവെൻഷൻ നടക്കുക. ഒൻപതു മുതൽ എല്ലാ സർക്കാർ വകുപ്പുകളുടെയും സേവനം ലഭ്യമാക്കും. കൺവെൻഷൻ കാലയളവിൽ പമ്പ നദിയിലെ ജലവിതാനം ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മൂഴിയാർ കെ.എസ്.ഇ.ബി ജനറേഷൻ സർക്കിൾ പ്രതിനിധി അറിയിച്ചു. കൺവെൻഷൻ നഗറിലും സമീപപ്രദേശങ്ങളിലും പൂർണസമയം വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനും തകരാറിലായ തെരുവുവിളക്കുകൾ ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ പ്രകാശിപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മണിയാർ ഡാമിൽ നിന്നുള്ള ജലനിർഗമനം നിയന്ത്രിച്ചിട്ടുണ്ടെന്ന് പമ്പ ഇറിഗേഷൻ പ്രോജക്ട് അറിയിച്ചു.

കോഴഞ്ചേരി, ​തോട്ടപ്പുഴശേരി എന്നിവിടങ്ങളിലെ സംരക്ഷണഭിത്തി നിർമാണം, താത്കാലിക തടയണകൾ, കടവുകൾ എന്നിവ നിർമിക്കുന്നതിന് 12 ലക്ഷം രൂപ അനുവദിച്ച് ജലസേചന വകുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു.

പത്തനംതിട്ട, ചെങ്ങന്നൂർ, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂർ എന്നീ സ്റ്റേഷനുകളിൽ നിന്നും കോഴഞ്ചേരിയിലേക്ക് ആവശ്യാനുസരണം ബസ് സർവീസുകൾ ക്രമീകരിക്കുന്നതിന് കെഎസ്ആർടിസിക്ക് നിർദേശം നൽകി. ഒൻപതു മുതൽ സർവീസുകൾ ആരംഭിക്കും.


കൺവെൻഷൻ മേഖലയെ രണ്ട് സെക്ടറായി തിരിച്ച് പൊലീസ് സുരക്ഷ ഏർപ്പെടുത്തും. പാർക്കിംഗ്, ഗതാഗത നിയന്ത്രണം എന്നിവയും നടപ്പാക്കും. വ്യാജമദ്യം, മറ്റ് നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പന തടയുന്നതിന് എക്‌​സൈസ് വകുപ്പ് നടപടിയെടുക്കും. ഫയർഫോഴ്‌​സിന്റെ സേവനം ലഭ്യമാക്കും.

കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അടൂർ ആർ.ഡി.ഒ എം.എ. റഹീമിനെ കോ​ഓർഡിനേറ്ററായും, തിരുവല്ല, കോഴഞ്ചേരി തഹസിൽദാർമാരെ അസിസ്റ്റന്റ് കോ​ഓർഡിനേറ്റർമാരായും നിയമിച്ചു.
രാജു ഏബ്രഹാം എം.എൽ.എ, എ.ഡി.എം പി.ടി ഏബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.