old-age
ഒറ്റപെട്ടു കഴിഞ്ഞിരുന്ന വയോധികനെ കിടങ്ങന്നൂർ കരുണാലയം ഏറ്റെടുത്തു

കോഴഞ്ചേരി : ഒറ്റപെട്ടു കഴിഞ്ഞിരുന്ന വയോധികനെ കിടങ്ങന്നൂർ കരുണാലയം ഏറ്റെടുത്തു. ചെറിയനാട് പഞ്ചായത്തിൽ നെടുവെളിൽ മഠത്തിൽ വാസുദേവൻ​ നമ്പൂതിരിയെയാണ് (73) കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തത്. അവിവാഹിതനായ വാസുദേവൻ​ നമ്പൂതിരി മാതാപിതാക്കളുടെ മരണ ശേഷം ഒറ്റയ്ക്കാണ് അടച്ചുറപ്പില്ലാത്ത വീടിനുള്ളിൽ കഴിഞ്ഞിരുന്നത്. പല അമ്പലങ്ങളിലും ശാന്തിയായി ജോലി നോക്കിയിരുന്ന വാസുദേവൻ​ നമ്പൂതിരിക്ക്​ അവിടുന്നു കിട്ടുന്ന വരുമാനമായിരുന്നു ഏക ആശ്രയം. രണ്ടു സഹോദരൻമാർ വിവാഹിതരാണ്. വർഷങ്ങളായി വീടിനുള്ളിൽ തനിയെ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ശരീരം മുഴുവനും പൊട്ടിയഴുകിയ വൃണങ്ങളാന്. എഴുന്നേറ്റ് നടക്കാൻ പോലും കഴിയാതെ ഇരുന്ന് നിരങ്ങിയിരുന്ന വാസുദേവൻ​ നമ്പൂതിരി ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ ആഴ്ചകളോളം നരകയാതന അനുഭവിക്കുകയായിരുന്നു. ഇത്​ മനസിലാക്കിയ സമീപ വാസികൾ വിവരം ചെങ്ങന്നൂർ ജനമൈത്രി പൊലീസിലും ചെറിയനാട് പഞ്ചായത്തിലും വിവരം അറിയിച്ചു . ഇവരിൽ നിന്നും അറിയിപ്പ് കിട്ടിയ കരുണാലയം അധികൃതർ സ്ഥലത്തെത്തി ഇദ്ദേഹത്തെ കുളിപ്പിച്ച് വൃത്തിയാക്കി പൊലീസിന്റെയും ചെറിയനാട് പഞ്ചായത്തംഗങ്ങളുടെയും നാടുകരുടെയും സാന്നിദ്ധ്യത്തിൽ ഏറ്റെടുത്ത് തുടർ ചികിത്സക്കായി കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.