മാരാമൺ : മാർത്തോമ്മ സുവിശേഷ സേവികാസംഘത്തിന്റ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങൾ ഫെബ്രുവരി 9ന് മാരാമൺ മണൽപ്പുറത്ത് നടക്കുന്ന ലോക മാർത്തോമ്മ വനിതാ സംഗമത്തോടെ സമാപിക്കും. ഒരു ലക്ഷം സ്ത്രീകൾ സംഗമത്തിൽ പങ്കെടുക്കും.
രാവിലെ 10 ന് ആരംഭിക്കുന്ന സംഗമം സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ലോക സഭാകൗൺസിൽ മോഡറേറ്റർ ഡോ. ആഗ്നസ് റെജിനാ മ്യൂറൽ ഓബം, ലോകപ്രശസ്ത സുവിശേഷ പ്രസംഗകൻ ഡോ. സ്റ്റാൻലി ജോൺസിന്റെ ചെറുമകൾ ഡോ. ആൻ മാത്യൂസ് യൂനസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
കെനിയക്കാരിയായ ഡോ. ആഗ്നസ് ലോകസഭാ കൗൺസിലിന്റെ അദ്ധ്യക്ഷയാകുന്ന ആദ്യവനിതയും ആഫ്രിക്കക്കാരിയുമാണ്. സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷനായിരിക്കും.
2018 ഫെബ്രുവരി 16 ന് മാരാമൺ കൺവെൻഷൻ യോഗത്തിലാണ് സേവികാസംഘത്തിന്റെ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായത്.
ആഘോഷങ്ങളുടെ ഭാഗമായി സാക്ഷ്യ എന്ന പേരിൽ നിരവധി പ്രവർത്തനങ്ങൾ ആരംഭിച്ചതായി സംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയും ജനറൽ സെക്രട്ടറി മിനി ജോയ്‌സ് തോമസും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും ഊന്നൽ നൽകുന്നതായിരുന്നു പ്രധാന ശതാബ്ദി പ്രൊജക്ടുകൾ.