edathitta-podiyan
പമ്പ്‌സെറ്റും പൈപ്പുകളും തകർത്ത് വസ്ത്രങ്ങളും പാത്രങ്ങളും ബക്കറ്റും ഇടത്തിട്ട പൊടിയന്റെ കിണറ്റിലിട്ട നിലയിൽ.

ചെങ്ങന്നൂർ: വെണ്മണി പഞ്ചായത്തിൽ സാമൂഹ്യവിരുദ്ധാക്രമണം വ്യാപകമാകുന്നു. വെണ്മണി പുന്തല ത്താഴത്തും, ഇടത്തിട്ടയിലുമാണ് വീടിനും വാഹനങ്ങൾക്കും നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണമുണ്ടായത്.കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ഇടത്തിട്ട കോളനിയിൽ പൊടിയൻ, ഇടത്തിട്ട ഇടപ്പുരയിൽ മോഹൻദാസ് എന്നിവരുടെ വീടുകൾക്ക് നേരെയും പുന്തലത്താഴം കടമ്പോലിൽ വീടിന്റെ മുറ്റത്ത് പാർക്കുചെയ്തിരുന്ന വാഹനത്തിനു നേരെയുമാണ് ആക്രമണം ഉണ്ടായത്. ഇടത്തിട്ട കോളനിയിൽ പൊടിയന്റെ വീടിനു സമീപമുള്ള കിണറിൽ സ്ഥാപിച്ചിരുന്ന പമ്പ്‌സെറ്റും പൈപ്പുകളും തകർത്തു. വസ്ത്രങ്ങളും പാത്രങ്ങളും ബക്കറ്റും കിണറ്റിലിട്ടു. വീടിനു പുറത്തു സ്ഥാപിച്ചിരുന്ന ഡിഷ് ആന്റിന ഒടിച്ചു. വീടിനുള്ളിൽ കടന്ന് ഗൃഹോപകരണങ്ങൾ തകർത്തു. പൊടിയന്റെ ഭാര്യ കുട്ടി (73), മകൾ രാധാമണി (49) എന്നിവർ ഈ സമയം വീട്ടിലുണ്ടായിരുന്നു.ശബ്ദം കേട്ടുണർന്ന ഇവർ രണ്ടംഗ സംഘം ഓടി മറയുന്നത് കണ്ടതായി പറഞ്ഞു. ഇടത്തിട്ട ഇടപ്പുരയിൽ മോഹൻദാസിന്റെ സ്ക്കൂട്ടറാണ് തകർക്കപ്പെട്ടത്. ഇടത്തിട്ട കോളനിയിലേക്കു പോകുന്ന വഴിയിൽ പി.ഐ.പി കനാലിനു സമീപമാണ് സ്‌കൂട്ടർ സൂക്ഷിച്ചിരുന്നത്. വാഹനത്തിന്റെ ബാറ്ററിയും ഹെൽമെറ്റും മോഷ്ടിച്ച ശേഷം വാഹനം സമീപത്തുളള തോട്ടിലേക്ക് മറിച്ചിടുകയായിരുന്നു. കൊല്ലകടവ് കുളനട റോഡിനു സമീപം പുന്തലത്താഴം കടമ്പോലിൽ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന മെഴുവേലി സ്വദേശിയുടെ കാറിന്റെ വശത്തെ തകർത്തത്. വിവരമറിഞ്ഞ എത്തിയ പഞ്ചായത്തംഗം ആർ.രാജേഷ് വിവരമറിയിച്ചതിനെ തുടർന്ന് മൂന്നു മണിയോടെ വെണ്മണി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇടത്തിട്ട ഭാഗത്തെ പി.ഐ.പി കനാൽ കേന്ദ്രീകരിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിൽപ്പനയും വിതരണവും നടക്കുന്നതായി നാട്ടുകാർ പറയുന്നു.