ശബരിമല: ഭക്തരുടെ പ്രതിഷേധം കാരണം കഴിഞ്ഞ ബുധനാഴ്ച അയ്യപ്പദർശനം നടത്താനാകാതെ മടങ്ങിയ കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്തും ഷാനില സജേഷും ഇന്നലെ വീണ്ടും മല കയറാനെത്തിയെങ്കിലും പൊലീസ് മടക്കിയയച്ചു. പുലർച്ചെ അഞ്ചേകാലോടെ നിലയ്ക്കലിൽ എത്തിയ ഇവരെ, സംഘർഷമുണ്ടാകുമെന്ന മുന്നറിയിപ്പു നൽകി തിരികെ അയയ്ക്കുകയായിരുന്നു.
'നവോത്ഥാന കേരളം ശബരിമലയിലേക്ക് ' എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ ശ്രേയാംസ് കണാരന്റെ നേതൃത്വത്തിൽ യുവതികൾ ഉൾപ്പെട്ട ആറംഗ സംഘം രണ്ടു കാറുകളിലായാണ് നിലയ്ക്കലിൽ എത്തിയത്. വാഹനപരിശോധനയ്ക്കിടെ യുവതികളെ കണ്ട പൊലീസ് ഇവരെ നിലയ്ക്കൽ പൊലീസ് കൺട്രോൾ റൂമിലേക്കു മാറ്റി. പമ്പ മുതൽ സന്നിധാനം വരെ കർമ്മസമിതി പ്രവർത്തകരും തീർത്ഥാടകരും പ്രതിഷേധം ഉയർത്തുമെന്ന് അറിയിച്ചപ്പോൾ സംരക്ഷണം ഒരുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
നിലയ്ക്കൽ പൊലീസ് സ്‌പെഷ്യൽ ഓഫീസർ ജമാലുദീൻ ഇവരുമായി ചർച്ച നടത്തുകയും പമ്പ വരെ മാത്രം സംരക്ഷണം നൽകാമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും യുവതികൾ നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് ഡി.ജി.പിയെ ഫോണിൽ ബന്ധപ്പെട്ടതിനു ശേഷമാണ് യുവതികളെ തിരിച്ചയയ്ക്കാൻ തീരുമാനിച്ചത്. സംഘത്തിലെ യുവാക്കളും മലചവിട്ടിയില്ല. പൊലീസ് വാഹനത്തിൽ ഇവരെ പിന്നീട് എരുമേലിയിൽ എത്തിച്ചു.
യുവതികൾക്ക് സുരക്ഷ നൽകാമെന്ന പൊലീസിന്റെ ഉറപ്പനുസരിച്ചാണ് വീണ്ടും എത്തിയതെന്നും, കൂടുതൽ യുവതികൾ ശബരിമല ദർശനത്തിന് തയ്യാറെടുക്കുന്നുണ്ടെന്നും സംഘത്തിന് നേതൃത്വം വഹിച്ച ശ്രേയാംസ് കണാരൻ പറഞ്ഞു.