sabarimala

ശബരിമല: നിലയ്ക്കാത്ത വിവാദങ്ങൾ ബാക്കിയാക്കി തീർത്ഥാടന കാലത്തിന് പടിയിറക്കം. സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിയെ തുടർന്ന് ഉടലെടുത്ത സംഘർഷങ്ങൾ മുതൽ സംസ്ഥാന സർക്കാർ കോടതിയിൽ സമ‌ർപ്പിച്ച പട്ടികയിലെ മറിമായം വരെ നീളുന്ന വിവാദങ്ങൾ, കേസിലെ അന്തിമ വിധിയോടെ എങ്ങനെ പരിണമിക്കുമെന്നത് പ്രവചനാതീതം.

ആഗസ്റ്റിലെ പ്രളയം ബാക്കിവച്ച ആശങ്കകൾക്കു നടുവിലായിരുന്നു ഇക്കുറി മണ്ഡകാലത്തിനു തുടക്കം. പമ്പാതടത്തിന്റെ ഭൂപ്രകൃതി മാറ്റിയെഴുതിയ പ്രളയത്തിൽ നിന്ന് മുങ്ങിനിവരുമ്പോഴേക്കും എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമല പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെത്തി. പ്രക്ഷോഭങ്ങളും സംഘ‌ർഷങ്ങളും നിരോധനാജ്ഞയും ഹ‌ർത്താലുകളുമായി ഈ മണ്ഡല- മകരവിളക്കു തീർത്ഥാടന കാലമത്രയും ശബരിമല വിഷയം മാദ്ധ്യമങ്ങളിൽ കത്തിനിന്നു.

എന്നാൽ, കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രത്തെ കലാപഭൂമിയാക്കാതെ കാത്തുരക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടവും പൊലീസും തിരുവിതാംകൂർ ദേവസ്വം ബോർഡും. തീർത്ഥാടകരുടെ വരവിലുണ്ടായ കുറവ് ദേവസ്വം ബോർഡിനു വരുത്തിയ നഷ്ടം 100 കോടിയെന്നാണ് ഏകദേശ കണക്ക്. പ്രക്ഷോഭം പതിവായതോടെ, പതിവായി മലചവിട്ടിയിരുന്ന മലയാളി ഭക്തരിൽ വലിയ പങ്കും ഇക്കുറി വിട്ടുനിന്നു. ദേശീയ ശ്രദ്ധ നേടിയ പ്രക്ഷോഭങ്ങളെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവും കുറഞ്ഞതോടെ കഷ്ടത്തിലായത് കച്ചവട സ്ഥാപനങ്ങൾ ലേലത്തിനെടുത്തവരാണ്. ശബരിമലയിൽ മാത്രമല്ല, സംസ്ഥാനത്താകമാനം വ്യാപാരമേഖലയിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാവുകയും ചെയ്തു.

അഡ്വ.ബിന്ദു അമ്മിണി, കനകദുർഗ എന്നിവരെ പൊലീസ് സന്നിധാനത്ത് എത്തിച്ചതിനെ തുടർന്ന് ഉടലെടുത്ത വിവാദം, നടയടച്ച് ശുദ്ധിക്രിയ നടത്തേണ്ട സ്ഥിതിയിലേക്കു നയിച്ചു. ഇതിന്റെ പേരിൽ തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം ആരായുകയും, തന്ത്രിയെ നീക്കുമെന്ന മുന്നറിയിപ്പ് ഭരണകേന്ദ്രങ്ങളിൽ നിന്നുതന്നെ ഉയരുകയും ചെയ്തു.

ചെന്നൈയിൽ നിന്നുള്ള മനിതി സംഘം ഉൾപ്പെടെ രണ്ടു ഡസനിൽ അധികം യുവതികളാണ് പ്രതിരോധങ്ങളെ മറികടന്ന് ദർശനത്തിനു ശ്രമം നടത്തിയത്. ഇതിനിടെ വേഷപ്രച്ഛന്നയായി ദർശനം നടത്തിയെന്ന കൊല്ലം സ്വദേശിനി മഞ്ജുവിന്റെ അവകാശവാദം മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് തള്ളിക്കളഞ്ഞു. ശ്രീലങ്കക്കാരി ശശികല ദർശനം നടത്തിയതായുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനും സ്ഥിരീകരണമുണ്ടായില്ല.

51 യുവതികൾ ശബരിമല ദർശനം നിർവഹിച്ചെന്നു വിശദീകരിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ പട്ടികയാണ് വിവാദങ്ങളിലെ അവസാന ഇനം. പ്രായപരിധിക്കു പുറത്തുള്ള സ്ത്രീകളെയും പുരുഷന്മാരെപ്പോലും യുവതികളുടെ പട്ടികയിലാക്കി സർക്കാർ നൽകിയ വ്യാജ സത്യവാങ്മൂലത്തിന്റെ നാണക്കേടു മാറിയിട്ടില്ല.

ശബരിമല വിഷയമുയർത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സംഘപരിവാർ സംഘടനകൾ ഒരുങ്ങുമ്പോഴും ഇക്കാര്യത്തിൽ പലഘട്ടങ്ങളിലും സർക്കാരും പൊലീസും സ്വീകരിച്ച സംയമനവും തന്ത്രപരമായ നിലപാടുകളും ശബരിമലയെ കലാപഭൂമിയാക്കി മാറ്റാതിരിക്കാൻ സഹായിച്ചു. സുപ്രീം കോടതിയിലെ പുനഃപരിശോധനാ ഹർജി ഉൾപ്പെടെയുള്ള കേസുകളിൽ അന്തിമ വിധി എന്തായാലും അതു വീണ്ടും വിവാദങ്ങൾക്കും വിശ്വാസവും ആചാരവും സംബന്ധിച്ച ചർച്ചകൾക്കും വഴിയൊരുക്കും.

വിധിയും തുടർക്കഥയും

2018 സെപ്തംബർ 28: ശബരിമല യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി

ഒക്ടോബർ 18: ഹൈന്ദവ സംഘടനകളുടെ സംസ്ഥാന ഹർത്താൽ

നവംബർ 16: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചിയിൽ. പ്രക്ഷോഭം കാരണം മടക്കം

നവംബർ 17: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല അറസ്റ്റിൽ. ഹിന്ദു സംഘടനകളുടെ സംസ്ഥാന ഹർത്താൽ

നവംബർ 17: ദർശനത്തിന് എത്തിയ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ നിലയ്ക്കലിൽ അറസ്റ്റിൽ

നവംബർ 20: വിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വംബോർഡിന്റെ ഹർജി സുപ്രീം കോടതിയിൽ

ഡിസംബർ 3: സെക്രട്ടേറിയറ്റിനു മുന്നിൽ ബി.ജെ.പി റിലേ നിരാഹാര സമരത്തിന് തുടക്കം

ഡിസംബർ 13: ബി.ജെ.പി സമരപ്പന്തലിനു മുന്നിൽ ശരീരത്തിൽ തീകൊളുത്തിയ ആൾ മരിച്ചു

ഡിസംബർ 24: ബിന്ദു അമ്മിണിയും കനകദുർഗയും ശബരിമലയിൽ. പ്രക്ഷോഭം കാരണം മടക്കം

2019 ജനുവരി 2: ശബരിമലയിൽ യുവതീപ്രവേശനം. ബിന്ദു അമ്മിണിയും കനകദുർഗയും ദർശനം നടത്തി

ജനുവരി 2: യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ സംസ്ഥാന ഹർത്താൽ

ജനുവരി 3: ശ്രീലങ്കൻ സ്വദേശി ശശികല ശബരിമല ദർശനം നടത്തി

ജനുവരി 10: ദർശനം നടത്തിയതായി കൊല്ലം സ്വദേശി മഞ്ജുവിന്റെ ഫേസ്ബുക് പോസ്റ്റ്. വേഷപ്രച്ഛന്നയായി എത്തിയായിരുന്നു ദർശനം

ജനുവരി 18: വിധിക്കു ശേഷം ശബരിമലയിൽ 51 യുവതികൾ എത്തിയതായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. പിഴവുകളുള്ള പട്ടിക വിവാദത്തിൽ.