ശബരിമല : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് രാവിലെ ശ്രീകോവിൽ നട അടയ്ക്കും. രാവിലെ 7ന് രാജപ്രതിനിധി മൂലം തിരുനാൾ പി.രാഘവർമ്മരാജ ദർശനം നടത്തിയശേഷം ഉഷപൂജയും ഉച്ചപൂജയും നടത്തി അയ്യപ്പസ്വാമിയെ ഭസ്മാഭിഷിക്തനാക്കി യോഗദണ്ഡും ജപമാലയും അണിയിച്ച് ഹരിവരാസനം ചൊല്ലി നടയടക്കും. താക്കോൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി രാജപ്രതിനിധിക്ക് കൈമാറും. പണക്കിഴി മേൽശാന്തിക്കും താക്കോൽ ദേവസ്വം മാനേജർക്കും നൽകി തിരുവാഭരണ പേടകങ്ങളുമായി രാജപ്രതിനിധിയും സംഘവും മലയിറങ്ങുന്നതോടെ തീർത്ഥാടനത്തിന് സമാപനമാകും. ഇന്നലെ രാത്രിയിൽ നടയടച്ചശേഷം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ മാളികപ്പുറത്ത് ഗുരുതി നടത്തിയതോടെയാണ് മകരവിളക്ക് അടിയന്തര ചടങ്ങുകൾ അവസാനിച്ചത്.