s

 മൂന്ന് പേർ ചികിത്സയിൽ

തിരുവല്ല: നെൽപ്പാടത്ത് കീടനാശിനി തളിച്ച രണ്ടു കർഷകത്തൊഴിലാളികൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. പെരിങ്ങര ആലംതുരുത്തി കഴുപ്പിൽ കോളനിയിൽ സനൽകുമാർ (42), മാങ്കുളത്തിൽ മത്തായി ഈശോ (68) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന കഴുപ്പിൽ കോളനിയിൽ പ്രഭാകരൻ (52), സുനിൽ (28), വാമനപുരം കങ്ങഴപ്പറമ്പിൽ ഉണ്ണികൃഷ്ണൻ (45) എന്നിവരെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടിയ അളവിൽ കൂടുതൽ സമയം കീടനാശിനി സ്‌പ്രേ ചെയ്തതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വ്യാഴാഴ്ചയാണ് പെരിങ്ങര ആലംതുരുത്തി പാടശേഖരത്തിൽ 'വിരാട് " എന്ന പേരിലുള്ള കീടനാശിനി ഇവർ തളിച്ചത്. മോട്ടോർ ഘടിപ്പിച്ച പമ്പ് ഉപയോഗിച്ചായിരുന്നു കീടനാശിനി പ്രയോഗം. തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് സനൽകുമാറിനെയും മത്തായി ഈശോയെയും അന്നു വൈകിട്ട് ചങ്ങനാശേരി താലൂക്കാശുപത്രിയിലും നില വഷളായതോടെ വെള്ളിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ടോടെ മത്തായി ഈശോ മരിച്ചു. ഇന്നലെ പുലർച്ചയാണ് സനൽകുമാർ മരിച്ചത്.

അസ്വാഭാവിക മരണത്തിന് കേസെടുത്തതായും ഇരുവരുടെയും ആന്തരികാവയവത്തിൽ കീടനാശിനിയുടെ അംശം ഉള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായും തിരുവല്ല സി.ഐ സന്തോഷ്‌കുമാർ പറഞ്ഞു. കീടനാശിനി വില്പന നടത്തിയ അഴിയിടത്തുചിറയിലെ കടയിൽ ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി അടപ്പിച്ചു.

സനൽകുമാറിന്റെ സംസ്കാരം ഇന്ന് രാവിലെ 10ന് വാമനപുരം ശ്മശാനത്തിൽ നടക്കും. ഭാര്യ: ലാവണ്യ. മക്കൾ: സേതു, ഗീതു, ദേവു. മത്തായി ഈശോയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വേങ്ങൽ ഓർത്തോഡോക്സ് പള്ളിയിൽ നടക്കും. ഭാര്യ: കൊച്ചുകിഴക്കേതിൽ അച്ചാമ്മ. മക്കൾ: ഷെയ്‌സൺ, ലിൻസി, ഷൈജു. മരുമകൻ: ബിജു.

അന്വേഷണത്തിന് മനുഷ്യാവകാശ

കമ്മിഷൻ ഉത്തരവ്

സംഭവത്തിൽ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.മോഹൻകുമാർ ഉത്തരവിട്ടു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പത്തനംതിട്ട ജില്ലാ കളക്ടറും പ്രിൻസിപ്പൽ കൃഷി ഓഫീസറും ഡിവൈ. എസ്.പിയും ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. കേസ് ഫെബ്രുവരി 22ന് പരിഗണിക്കും.

കീടനാശിനി ഉപയോഗിക്കുമ്പോൾ

 മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. രാവിലെയും വൈകുന്നേരങ്ങളിലും മാത്രമേ ഉപയോഗം പാടുള്ളൂ

 മോട്ടോർ ഘടിപ്പിച്ച പവർ സ്‌പ്രേയറുകൾ ഉപയോഗിക്കുമ്പോൾ അന്തരീക്ഷത്തിൽ വിഷാംശം കൂടുതൽ കലരാം

 ഇതിനാൽ മണിക്കൂറുകളോളം സ്‌പ്രേയറുകൾ ഉപയോഗിക്കുന്നത് അപകടകരം.

 മരുന്നിന് ആനുപാതികമായി വെള്ളം ചേർക്കണം. തളിക്കുമ്പോൾ മദ്യപാനവും പുകവലിയും പാടില്ല.

 ശ്വാസകോശ സംബന്ധിയായ അസുഖമുള്ളവർ കീടനാശിനി തളിക്കരുത്

 പമ്പിംഗിന് ശേഷം സോപ്പുപയോഗിച്ച് കൈകളും മുഖവും കഴുകിയ ശേഷമേ ആഹാരം കഴിക്കാവൂ

(വിവരങ്ങൾ നൽകിയത് :ജോയ്സി കെ.ജോർജ്,
കൃഷി അസി. ഡയറക്ടർ, തിരുവല്ല)