പത്തനംതിട്ട: പ്രളയാനന്തര കാർഷിക സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഹരിത മേഖലയാക്കുന്നതിന് മുന്നോടിയായി കോയിപ്രത്തെ റമ്പൂട്ടാൻ തോട്ടവിള സൗഹൃദ ബ്ലോക്കാക്കി മാറ്റാൻ പദ്ധതി തയ്യാറാക്കുന്നു. ഇതിനായി കൃഷിവകുപ്പ്, കൃഷിഭവനുകൾ, കൃഷി വിജ്ഞാന കേന്ദ്രം, കർഷകർ എന്നിവരുടെ യോഗം വിളിക്കും. തോട്ടപ്പുഴശ്ശേരിയിലും പമ്പാ തീരത്തും വന്നടിഞ്ഞ എക്കൽ കാർഷിക മേഖലയിൽ ഏൽപ്പിച്ച ആഘാതത്തെപ്പറ്റി പഠിച്ച് പരിഹാരം നിർദ്ദേശിക്കാൻ കൃഷിമന്ത്രിക്ക് നിവേദനം നൽകും. 123.67 ഹെക്ടർ വിസ്തൃതിയുളള കോയിപ്രം ബ്ലോക്കിലെ കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂർ, ഇരവിപേരൂർ, പുറമറ്റം, അയിരൂർ എന്നീ പഞ്ചായത്തുകളിലാണ് കേരളത്തിൽ ഏറ്റവുമധികം റമ്പൂട്ടാൻ വിളവെടുക്കുന്നത്. കുറിയന്നൂർ പോലെയുള്ള പ്രദേശത്തെ മൺഘടന ഇതിന് ഏറെ അനുയോജ്യമാണ്.
അത്യുൽപ്പാദന ശേഷിയുള്ള ചെടികൾ ബ്ലോക്ക് പഞ്ചായത്ത് വഴി സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിന് നടപടിയെടുക്കും. മികച്ച മാതൃക തോട്ടം കണ്ടെത്താൻ മത്സരം നടത്തും. റമ്പൂട്ടാനു പുറമെ മാംഗോസ്റ്റീൻ, ജാതി, ഗ്രാമ്പൂ തുടങ്ങിയ വിളവുകളുടെ സാദ്ധ്യതകളും പരീക്ഷിക്കും. വരാച്ചാൽ വിളകളുടെ സാദ്ധ്യതകളും പരീക്ഷിക്കും. പദ്ധതിയിൽ പുല്ലാടൻ കപ്പയുടെ കൃഷി വ്യാപകമാക്കാനും പുല്ലാട് കപ്പയ്ക്ക് ഭൗമസൂചികാപദവി നേടാനും ശ്രമിക്കും.
കോമാടൻ തെങ്ങുപോലെ പ്രദേശത്തിെന്റ തനതായ വിളകൾ പ്രചരിപ്പിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി. പമ്പാ ഇറിഗേഷൻ കനാലിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ തൊഴിലുറപ്പു പദ്ധതിയിൽ ശ്രമം നടത്തുന്നുണ്ട്.
കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂർ, ഇരവിപേരൂർ, പുറമറ്റം, അയിരൂർ എന്നീ പഞ്ചായത്തുകളിൽ കൃഷി വ്യാപിപ്പിക്കും
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്രധാനപ്പെട്ട് തോടുകളും കൈവഴികളും കൈത്തോടുകളും ജനകീയ സഹകരണത്തോടെ വീണ്ടെടുത്ത് കൃഷിക്ക് ഉപയുക്തമാക്കും.
കൃഷ്ണകുമാർ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്