നാരങ്ങാനം: സബ് കനാലിൽ നീരൊഴുക്ക് നിലച്ചതിനെ തുടർന്ന് നാരങ്ങാനം പുന്നോണ് പാടശേഖരം വിണ്ടു കീറി. കോഴഞ്ചേരി ഈസ്റ്റിലുള്ള സബ് കനാൽ തുറന്ന് കിട്ടുന്ന വെള്ളമാണ് കൃഷിക്ക് തുണയായിരുന്നത്. പമ്പാ ഇറിഗേഷന്റെ പി.ഐ.പി. കനാലിലെ വെള്ളമാണ് ഇത്. കൃഷിയിറക്കി നല്ല വളർച്ചയിൽ തന്നെ നെല്ല് വളരുന്നുമുണ്ടായിരുന്നു. കനാലിൽ വെള്ളമെത്തി സബ് കനാൽ തുറക്കുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും പാടത്ത് വെള്ളമെത്താതായപ്പോൾ തുടർന്നു നടന്ന അന്വേഷണത്തിൽ യഥാർത്ഥ കാരണം കണ്ടെത്തി.സബ് കനാലിന് സമീപവാസികളായവർ രാത്രിയിൽ സബ് കനാലിന്റെ വാൽവ് പൂട്ടി വച്ച് സ്വന്തം കൃഷിയിടത്തിൽ വെള്ളം കെട്ടി നിൽക്കുന്ന വിധം തയാറാക്കിയിരുന്നു. ജനപ്രതിനിധികളും നെൽകർഷകരും ചേർന്ന് വാൽവ് തുറക്കുകയും നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തതോടെ പാടത്തേക്ക് വെള്ളമെത്തി. ഇപ്പോൾ വലിയകുളം മുതൽ മീത്തുംപടി വരെയുള്ള രണ്ടര കിലോമീറ്റർ നീളമുള്ള സബ് കനാൽ പരിരക്ഷ കിട്ടാതെ നീരൊഴുക്ക് ശരിയായി നടക്കാത്ത അവസ്ഥയിലുമാണ്. വർഷങ്ങൾക്ക് മുമ്പേ ഇറിഗേഷൻ വകുപ്പ് ഈ കനാലിന്റെ നവീകരണത്തിനായി 47 ലക്ഷത്തിന്റെ എസ്റ്റിമേറ്റും തയാറാക്കിയതാണ്. പിന്നീടൊന്നും നടന്നിട്ടില്ല. കഴിഞ്ഞ 30 വർഷത്തിലേറെയായി മുടങ്ങാതെ നെൽക്കൃഷി നടക്കുന്ന നാരങ്ങാനത്തെ ഏകപാടശേഖരമാണ് പുന്നോണ് പാടശേഖരം.കഴിഞ്ഞ വർഷം കൃഷി ആരംഭിച്ച പൊരിഞ്ഞേലിൽ പടി, മീത്തുംപടി പാടശേഖരങ്ങളിലും കൃഷി നടക്കണമെങ്കിൽ ഈ കനാലിലെ വെളളം ലഭിക്കണം.
30 വർഷമായി മുടങ്ങാടെ നെൽകൃഷി
കനാലിന്റെ നവീകരണത്തിന് 47 ലക്ഷത്തിന്റെ എസ്റ്റിമേറ്റ്