തിരുവല്ല: ശ്രീനാരായണ പ്രസ്ഥാനങ്ങളെ ശിഥിലമാക്കാനുള്ള ശ്രമങ്ങളെ ഗുരു അരുളിച്ചെയ്ത സംഘടിത ശക്തിയോടെ നേരിടണമെന്ന് ശിവഗിരിമഠം ധ്യാനാചാര്യൻ സ്വാമി സച്ചിദാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിൽ ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ശിവഗിരി മഠവും എസ്.എൻ.ഡി.പി യോഗവും ഒന്നായി ചേർന്ന് പ്രവർത്തിക്കുന്നത് പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. സമകാലിക പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി യോഗത്തെയും നേതാക്കളെയും അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളിൽ ശ്രീനാരായണീയർ ജാഗരൂകരാകണം. ആത്മീയതയിൽ അടിയുറച്ചു ഭൗതിക വളർച്ച നേടണമെന്നും സ്വാമി പറഞ്ഞു. തിരുവല്ല യൂണിയൻ ചെയർമാൻ അനിൽ എസ്.ഉഴത്തിൽ ധ്യാനസന്ദേശം നൽകി. ധ്യാനാചാര്യൻ സച്ചിദാനന്ദ സ്വാമിയെ ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രി പൂർണകുംഭം നൽകി. ശാഖാ പ്രസിഡന്റ് ഡി.സുധീഷ്, വൈസ് പ്രസിഡന്റ് ശശികുമാർ, സെക്രട്ടറി സുബി. വി.എസ്, പെരിങ്ങര ഈസ്റ്റ് ശാഖാ പ്രസിഡന്റ് മോഹൻദാസ് കൊല്ലവറ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് പെരിങ്ങര ഈസ്റ്റ് ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് പീതപതാകയും ദിവ്യജ്യോതിസുമായി യജ്ഞവേദിയിലേക്ക് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ പ്രയാണം നടത്തി. തുടർന്ന്യ ജ്ഞവേദിയിൽ സ്വാമി സച്ചിദാനന്ദ ദിവ്യജ്യോതി പ്രതിഷ്ഠിച്ചു. ഇന്ന് രാവിലെ 9.30 മുതൽ ശ്രീനാരായണ ദിവ്യ ജ്യോതിസ് ദർശനം 10ന് സമൂഹപ്രാർത്ഥന, 10.30 മുതൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ഒന്നിന് പ്രസാദമൂട്ട്.