ശബരിമല:ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായി വിവാദങ്ങൾ പ്രക്ഷുബ്ധമാക്കിയ മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് അയ്യപ്പസ്വാമിയുടെ തിരുനട ഇന്നലെ രാവിലെ അടച്ചു.
ഇന്നലെ ദർശനം പന്തളം രാജപ്രതിനിധിക്ക് മാത്രമായിരുന്നു. രാവിലെ അഞ്ചിന് നട തുറന്നു. ഗണപതി ഹോമത്തിന് ശേഷം 6.30ന് പന്തളം രാജപ്രതിനിധി ശ്രീമൂലം തിരുനാൾ രാഘവ വർമ്മ ദർശനം നടത്തി. തുടർന്ന് മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി നടയടച്ച് രാജപ്രതിനിധിക്ക് താക്കോൽ കൈമാറി. രാജപ്രതിനിധി അടുത്ത ഒരു വർഷത്തേക്കുള്ള ചെലവിനായി കിഴിപ്പണം ദേവസ്വം മാനേജരെയും താക്കോൽ മേൽശാന്തിയേയും ഏൽപ്പിച്ചു. പതിനെട്ടാംപടിക്ക് താഴെ വച്ചാണ് ഈ ചടങ്ങ് നടന്നത്. ഇതിന് മുന്നോടിയായി തിരുവാഭരണങ്ങൾ കാൽനടയായി പന്തളം കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. ആയിരക്കണക്കിന് ഭക്തരുടെ ശരണംവിളിയോടെ ചടങ്ങുകൾ പൂർത്തിയാക്കി ഈ വർഷത്തെ മണ്ഡലമകരവിളക്ക് ഉത്സവത്തിന് കൊടിയിറങ്ങി.