s

തിരുവല്ല: സമന്വയ ദർശനത്തിന്റെ മഹാപ്രവാചകനാണ് ശ്രീനാരായണ ഗുരുദേവനെന്ന് ശിവഗിരി മഠം ധ്യാനാചാര്യൻ സ്വാമി സച്ചിദാനന്ദ പറഞ്ഞു. പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ആറ്റംയുഗത്തിനനുസൃതമായി വിശ്വമാനവിക തത്ത്വദർശനം ഗുരുദേവൻ അവതരിപ്പിച്ചു. ഭാരതീയ ഋഷിവര്യന്മാരുടെ ആത്മീയതയും ബുദ്ധന്റെ അഹിംസയും ക്രിസ്തുവിന്റെ സ്നേഹവും നബിയുടെ സാഹോദര്യവും ശ്രീശങ്കരന്റെ ജ്ഞാനദർശനവും സമന്വയിപ്പിച്ച് ദേശകാലാനുസൃതമായി അവതരിപ്പിക്കുവാൻ മഹാഗുരുവിന് സാധിച്ചു. ഗുരു വിഭാവനം ചെയ്ത ഏകലോകദർശനം ഇന്നിന്റേയും നാളെയുടെയും വരാൻപോകുന്ന നൂറ്റാണ്ടുകളുടെയും ദർശനമാണ്. അനാചാരങ്ങൾ നിഷേധിക്കുകയും സാത്വികാചാരങ്ങളെ സ്ഥാപിക്കുകയും ചെയ്ത ഗുരുദേവൻ ക്ഷേത്രപ്രതിഷ്ഠയും പൂജയും ആരാധനയും ആരുടെയും കുത്തകയല്ലെന്ന് തെളിയിച്ചു. മാത്രമല്ല പുതിയൊരു ആത്മീയ വൈദിക പരമ്പരയെ സൃഷ്ടിക്കുവാനും ഗുരുവിന് സാധിച്ചു. ഗുരുദേവന്റെ ആത്മീയ നേതൃത്വത്തിൽ നവീനകേരളം സൃഷ്ടമായെങ്കിലും സർവ്വരും സോദരരായി വാഴുന്ന മാതൃകാരാജ്യമുണ്ടായില്ല. എല്ലാ സമുദായങ്ങൾക്കും തുല്യമായ സാമൂഹ്യനീതി ലഭിച്ചെങ്കിലേ സാമൂഹികാസമത്വങ്ങൾ നീങ്ങി എല്ലാവർക്കും പുരോഗതി കൈവരിക്കാനാവൂ. തുല്യമായ സൂമൂഹ്യനീതി ജനസംഖ്യാനുപാതികമായി ലഭിച്ചോയെന്ന് പരിശോധിക്കേണ്ട ചുമതല സർക്കാരിനുണ്ട്. അത് നിർവഹിക്കാതെ ഒറ്റരാത്രികൊണ്ട് സാമ്പത്തിക സംവരണം രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് പാസാക്കിയത് നീതിയാണോയെന്ന് ചിന്തിക്കണം. അംബേദ്ക്കർ, മഹാത്മാ ഫൂലെ, അയ്യങ്കാളി, ഡോക്ടർ പല്പു, കുമാരനാശാൻ, ടി.കെ.മാധവൻ തുടങ്ങിയവരുടെ സങ്കൽപ്പങ്ങൾക്ക് കോട്ടമുണ്ടാകാൻ പാടുള്ളതല്ലെന്നും സ്വാമി പറഞ്ഞു.

ഇന്ന്
രാവിലെ എട്ടിന് കലശപൂജ, 9.30ന് ശ്രീനാരായണ ദിവ്യജ്യോതിസ് ദർശനം, 10ന് ജപം, ധ്യാനം, സമൂഹപ്രാർത്ഥന,10.30ന് ഗുരുദേവന്റെ ഈശ്വരീയഭാവം - കുറിച്ചി അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് സമൂഹപ്രാർത്ഥന, 6.30ന് തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെയും കളങ്ങര അനീഷ് ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്.