farmer-labour-s-death

തിരുവല്ല: അപ്പർകുട്ടനാട്ടിലെ പെരിങ്ങര ഇരുകര പാടശേഖരത്ത് കീടനാശിനി തളിച്ച കർഷക തൊഴിലാളികൾ മരിച്ച സംഭവത്തിൽ സംസ്ഥാന കൃഷിവകുപ്പിനെതിരെ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. കഴിഞ്ഞദിവസം വേങ്ങൽ കഴുപ്പിൽ കോളനിയിൽ സനൽകുമാർ (45), മത്തായി ഇശോ (68) എന്നിവരാണ് മരിച്ചത്. പെരിങ്ങരയിൽ കൃഷി ഓഫീസർ ഇല്ലാത്തതിനാൽ കർഷകർക്ക് മാർഗനിർദ്ദേശം നൽകാൻ സംവിധാനമില്ലായിരുന്നുവെന്നതാണ് റിപ്പോർട്ടിൽ പ്രധാന വീഴ്ചയായി രേഖപ്പെടുത്തിയിരിക്കുന്നത്.

കാർഷിക സർവകലാശാലകൾ അംഗീകരിച്ച കീടനാശിനികൾ മാത്രമേ വിൽക്കാവൂ എന്ന് ചട്ടമുണ്ട്. ഇതിന് വിരുദ്ധമായി കടകളിൽ ലഭിക്കുന്നവ പരിശോധിക്കാൻ ഉദ്യോഗസ്ഥർ മെനക്കെടാറില്ല. പാടശേഖരങ്ങൾ സന്ദർശിച്ച് നെല്ലിന്റെ രോഗമനുസരിച്ച് മരുന്നുകളും അളവുകളും നിർദ്ദേശിക്കണം. അപ്പർകുട്ടനാടൻ മേഖലയിൽ ഇത് നടക്കാറേയില്ല. കൃഷി വകുപ്പിന്റെ അംഗീകാരമുള്ള കീടനാശിനിയാണ് തളിച്ചത്. എന്നാൽ ഇതെങ്ങനെ ഉപയോഗിക്കുമെന്ന് കർഷകർക്ക് വ്യക്തതയില്ലെന്നും റിപ്പോർട്ടിലുണ്ട്.