മല്ലപ്പള്ളി: അവിശ്വാസത്തിലൂടെ .യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ട മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുടെ ഭരണം എൽ.ഡി.എഫിന്റെ കൈയ്യിലെത്തി. ഇന്നലെ രാവിലെ 11ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 13 അംഗങ്ങളും ഹാജരായി. യു.ഡി.എഫിൽ നിന്നും ശോശാമ്മ തോമസും എൽ.ഡി.എഫിൽ നിന്ന് മനുഭായി മോഹനും സ്ഥാനാർത്ഥികളായി. വരണാധികാരിയായ ജില്ലാ കോ-ഓപ്പറേറ്റീവ് ജോ. രജിസ്റ്റാർ എസ്. പത്മജ, അസി. റിട്ടേണിംഗ് ഓഫീസർ കെ. ജയകുമാർ, ബ്ലോക്ക് സെക്രട്ടറി കെ. രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് 7 വോട്ടും, യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് 6 വോട്ടും ലഭിച്ചു. വോട്ടിംഗിന് ശേഷം യു.ഡി.എഫ്. അംഗങ്ങൾ ഹാളിൽ നിന്നും വിട്ടുനിന്നു. പിന്നീട് നടന്ന വോട്ടെണ്ണലിൽ കൂടുതൽ വോട്ട് ലഭിച്ച മനുഭായ് മോഹൻ വിജയിയായി പ്രഖ്യാപിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നെടുമ്പ്രം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും, മുൻ കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന മനുഭായി കല്ലൂപ്പാറ കുന്നാംതടത്തിൽ പരേതനായ സി.പി. മോഹനന്റെ ഭാര്യയാണ്. മക്കൾ: വിഷ്ണുമോഹൻ, ഗൗരിമോഹൻ.