boat
പ്രളയത്തിൽ പാണ്ടനാട്ട് തകർന്ന മത്സ്യയാനം പ്രളയസ്മാരകമാക്കാൻ ചെങ്ങന്നൂർ ഫെറ്റ് നഗരിയിൽ എത്തിച്ചപ്പോൾ

ചെങ്ങന്നൂർ: പ്രളയം താണ്ഡവമാടിയ ചെങ്ങന്നൂരിൽ രക്ഷാ പ്രവർത്തനത്തിനിടെ ഇടിച്ചു തകർന്ന ആലപ്പാട് കടപ്പുറത്തെ മത്സ്യയാനം ഇനി ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന്റെ സ്മാരകമാകും. മഹാപ്രളയത്തിൽ പ്രളയത്തിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെട്ട പാണ്ടനാട്, ബുധനൂർ ഭാഗങ്ങളിൽ നിന്നും ഈ മത്സ്യയാനത്തിൽ നിരവധി ആളുകളുടെ ജീവൻ രക്ഷിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ പാണ്ടനാട്ടിൽ ശക്തമായ ഒഴുക്കിൽപെട്ട് മതിലിലിടിച്ച് ഈ ബോട്ട് തകർന്നു. എന്നാൽ ബോട്ടിലുണ്ടായിരുന്ന 20 പേർക്കും ജീവഹാനി സംഭവിക്കാതെ രക്ഷപെട്ടു. പ്രളയത്തിനുശേഷം അപകടത്തിൽ തകർന്ന ബോട്ട് തിരിച്ചു കൊണ്ടുപോകാൻ കഴിയാത്തവിധം തകർന്നിരുന്നു. ഇതേ തുടർന്ന് ഉടമസ്ഥർ ഈ ബോട്ട് പാണ്ടനാട്ടിൽ തന്നെ ഉപേക്ഷിച്ച് പോകുകയായിരുന്നു.ഇതോടെയാണ് ചെങ്ങന്നൂർ ഫെസ്റ്റിൽ ബോട്ട് പ്രളയ സ്മാരകമാക്കാൻ സംഘാടകർ തീരുമാനിച്ചത്. പ്രളയം വരുത്തിയ ദുരന്തവും, ഭീകരതയും അനുഭവിച്ച ജനങ്ങൾക്ക് ജീവിതത്തെക്കുറിച്ച് പഠിക്കാനും ചിന്തിക്കാനും ഉളള നേർക്കാഴ്ചയായ് ഇത് മാറുമെന്ന് ഫെസ്റ്റ് ചെയർമാൻ പി.എം തോമസ് പറഞ്ഞു. ചെങ്ങന്നൂർ തഹസിൽദാർ കെ.ബി. ശശി,പാണ്ടനാട് വില്ലേജ് ആഫീസർ സുരേഷ് ,പഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് പാണ്ടനാട്ടിൽ നിന്നും ബോട്ട് ഫെസ്റ്റ് നഗറിൽ എത്തിച്ചത്. 25ന് ആരംഭിച്ച് ഫെബ്രു 3ന് സമാപിക്കുന്ന ഫെസ്റ്റിൽ ഏറെ ആകർഷിക്കുന്ന ഒന്നാകും ഇതെന്ന് സംഘാടകർ വിലയിരുത്തുന്നു.