mathayi

തിരുവല്ല: അപ്പർകുട്ടനാട്ടിലെ പെരിങ്ങരയിൽ മരിച്ച രണ്ടു കർഷകരിൽ ഒരാളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. പെരിങ്ങര ആലംതുരുത്തി മാങ്കുളത്തിൽ മത്തായി ഈശോ (68 ) യുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പൊലീസ് സർജന്റെ മൊഴി ലഭിച്ചതായി തിരുവല്ല സി.ഐ. സന്തോഷ്‌കുമാർ പറഞ്ഞു. കീടനാശിനി ശ്വസിച്ചതല്ലെന്നും മറ്റേതെങ്കിലും രീതിയിൽ ഉള്ളിലെത്തിയതാകാമെന്നുമാണ് കരുതുന്നത്. മത്തായി ഈശോയുടെ ആമാശയത്തിലാണ് വിഷാംശം കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് പൊലീസ് സർജന്റെ നേതൃത്വത്തിൽ ആന്തരീകാവയവങ്ങൾ വിശദമായ രാസപരിശോധനയ്ക്ക് അയച്ചെന്നും സി.ഐ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മത്തായി ഈശോയും ശനിയാഴ്ച പുലർച്ചെ സനൽ കുമാറും കോട്ടയം മെഡിക്കൽ കോളേജിലാണ് മരിച്ചത്. കീടനാശിനി ശ്വസിച്ചാണ് സനൽകുമാറിന്റെ മരണമെന്നും പൊലീസ് സർജന്റെ മൊഴിയിലുണ്ട്.