തിരുവല്ല: ജീവിതത്തിലെ വിവിധ സന്ദർഭങ്ങളിൽ കുട്ടികൾ നേരിടാവുന്ന വിവേചനങ്ങളെക്കുറിച്ചും അവ പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും ധാരണ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൗമാര വിദ്യാഭ്യാസത്തിന് സുരക്ഷിതം പദ്ധതിക്ക് തുടക്കംകുറിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 75 വിദ്യാലയങ്ങളിൽ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ സുരക്ഷിതം പദ്ധതി ആരംഭിച്ചു. യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാലയങ്ങളിലെ കൗമാരക്കാരായ കുട്ടികളെ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും നിയമപരിരക്ഷയെക്കുറിച്ചുമുള്ള അവബോധം ഉറപ്പുവരുത്തുന്നതിനും വീട്ടിലും വിദ്യാലയത്തിലും സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തി ഗുണമേന്മയുള്ള കേന്ദ്രമായി ഓരോ വിദ്യാലയത്തെയും രൂപപ്പെടുത്തുന്നതിനും സുരക്ഷിതം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 75 വിദ്യാലയങ്ങളിൽ നിന്നും രണ്ട് അദ്ധ്യാപകർക്കുവീതം രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകും. മൂന്നു ബാച്ചുകളിലായി ഇവർക്ക് പരിശീലനം നടക്കും. അമ്പത് അദ്ധ്യാപകർക്കായി വള്ളംകുളം ഗവ.യു.പി.സ്‌കൂളിൽ നടന്ന ആദ്യ ബാച്ച് അദ്ധ്യാപക പരിശീലനം ജില്ലാപഞ്ചായത്തംഗം എസ്.വി സുബിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് ഓഫീസർ ഡോ.ആർ.വിജയമോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ്.എസ് വള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. പുല്ലാട് ഉപജില്ല ഹെഡ്മാസ്റ്റർ ഫോറം കൺവീനർ സി.ടി.വിജയാനന്ദൻ, ഡയറ്റ് ഫാക്കൽറ്റി റജിൻ ഏബ്രഹാം, ബി.പി.ഒ ഷാജി എ.സലാം എന്നിവർ സംസാരിച്ചു. അദ്ധ്യാപക പരിശീലനത്തിന്റെ അടുത്ത രണ്ട് ബാച്ചുകൾ യഥാക്രമം കോഴഞ്ചേരി, പത്തനംതിട്ട ബി.ആർ.സികളിൽ നടക്കും.
സുരക്ഷിതം പെട്ടികൾ
അദ്ധ്യാപക പരിശീലനത്തെത്തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കും പരിശീലനം നേടിയ അദ്ധ്യാപകർക്കും വീടുകളിലും വിദ്യാലയത്തിലും പൊതുസമൂഹത്തിലും കുട്ടികൾ അനുഭവിക്കുന്ന വ്യക്തിപരമായ പ്രശ്‌നങ്ങൾ അദ്ധ്യാപകരെയും ഉത്തരവാദിത്തപ്പെട്ടവരെയും അറിയിക്കുന്നതിനായി സുരക്ഷിതം പെട്ടികൾ ഓരോ വിദ്യാലയത്തിലും സ്ഥാപിക്കും. രഹസ്യമായും മന:ശാസ്ത്രപരമായും പ്രശ്‌നപരിഹാരത്തിനുള്ള മാർഗങ്ങൾ സ്‌കൂൾ മേലധികാരി മുഖേന നടപ്പാക്കും. ഫെബ്രുവരി അഞ്ചിന് മുമ്പ് ജില്ലയിലെ 75 സ്‌കൂളുകളിലും പദ്ധതി നടപ്പാക്കും. ട്രെയിനർമാരായ ലേഖ.ഡി, ശ്രീലേഖ.ബി, പ്രസന്നകുമാരി സി.ജി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
75 വിദ്യാലയങ്ങളിൽ നിന്നും 2 അദ്ധ്യാപകർക്ക് വീതം പരിശീലനം