well-motor

പള്ളിക്കൽ: പള്ളിക്കൽ ആറാട്ട്ചിറ കുടിവെള്ളപദ്ധതി കമ്മീഷനിംഗ് വൈകുന്നു. നിർമാണം തുടങ്ങി പത്ത് വർഷത്തിലേറെയായ പദ്ധതിയുടെ 90 ശതമാനം പണികളും പൂർത്തീകരിച്ചു. മോട്ടോർ വെക്കുന്ന ജോലിമാത്രമാണ് ഇനി ബാക്കിയുള്ളത്. ഒരുവർഷമായി അതിനുള്ളകാത്തിരിപ്പിലാണ് പ്രദേശവാസികൾ.
കുടിവെള്ളക്ഷാമം ഏറ്റവും കൂടുതലൽ അനുഭവപ്പെടുന്ന പള്ളിക്കലിലെ 1,2,3,23 വാർഡുകളിലെ എട്ട് പട്ടികജാതികോളനികൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിപ്രകാരം പദ്ധതി അനുവദിച്ചിട്ട് പത്ത് വർഷത്തിലേറെയായെങ്കിലും ടാങ്ക് നിർമിക്കാൻ സ്ഥലം ലഭ്യമാകാൻ താമസിച്ചതാണ് പദ്ധതി നീണ്ടുപോകാൻ കാരണം. ആദ്യം സൗജന്യമായി വസ്തു നൽകാമെന്നേറ്റവർ പിന്നീട് നൽകാതെവന്നപ്പോൾ നാട്ടുകാർ പിരിവെടുത്ത് നാല് വർഷത്തിന് മുൻപ് വസ്തുവാങ്ങി. അവിടെ ടാങ്ക് നിർമിച്ചിട്ട് ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞു. മോട്ടോർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഒന്നുമായില്ല. ടെൻഡർ നടപടികൾ നടക്കുന്നു എന്നാണ് ജലഅതോറിറ്റി അധികൃതർ പറയുന്നത്. കൊടും വരൾച്ചയനുഭവപ്പെടുന്ന പള്ളിക്കലിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഈ പദ്ധതി യാഥാർത്ഥ്യമായാൽ വലിയ സഹായകമാകും.
ഈ വേനലിലെങ്കിലും പദ്ധതി യാഥാർത്ഥ്യമാകാൻ അടിയന്തര നടപടിസ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ജി.പ്രസന്നകുമാരി
ആറാട്ട് ചിറ കുടിവെള്ളപദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ചെയ്യേണ്ട എല്ലാകാര്യങ്ങളും ചെയ്തിട്ടുണ്ട്. മോട്ടോർ സ്ഥാപിക്കാൻ നടപടി സ്വീകരിക്കേണ്ടത് ജില്ലാ അതോറിറ്റിയാണ്. പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് പലതവണ ആവിശ്യപ്പെട്ടതാണ്.