waste-disposal
പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം നടത്തിയവരെ കണ്ടെത്തിയ യുവാക്കൾക്ക് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് കമ്മിറ്റി പാരിതോഷികം നൽകിയപ്പോൾ

മല്ലപ്പള്ളി: മാലിന്യ നിക്ഷേപം നടത്തിയവരെ കണ്ടെത്തിയവർക്ക് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പാരിതോഷികം നൽകി. ഇന്നലെ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് സമ്മാനം നൽകിയത്. മണിമലയാറിന്റെ തീരത്ത് യുവാക്കൽ കോട്ടയം ജില്ലയിലെ നാലുമണിക്കാറ്റ് മാതൃകയിൽ വടക്കൻക്കാറ്റ് രൂപപ്പെടുത്തി താൽക്കാലിക കസേരകളും പൂന്തോട്ടവും നിർമ്മിച്ച് മാലിന്യനിക്ഷേപം പാടില്ലെന്ന് ബോർഡ് സ്ഥാപിച്ചിരുന്നു. ഇവിടെ കഴിഞ്ഞദിവസം കുട്ടികളുടെ ശുചിമുറി മാലിന്യം ഉൾപ്പെടയുള്ളവ നിക്ഷേപിച്ചവരെ യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി അധികൃതരെ വിവരം ധരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് മാലിന്യം നിക്ഷേപിച്ചയാളുടെ വീട്ടിലെത്തി നീക്കം ചെയ്യുവാൻ നിർദ്ദേശം നൽകുകയും രാത്രിവൈകി സ്വമേധയാ മാലിന്യം നീക്കംചെയ്യുകയും ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നവർക്ക് പ്രോത്സാഹന സമ്മാനം നൽകാൻ പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് പരിയാരം ആനക്കുഴിയിൽ ടി.എം ശ്രീജിത്, മല്ലപ്പള്ളി വെസ്റ്റ് താമരശേരിൽ ജോഗേഷ് ചെറിയാൻ വറുഗീസ് എന്നിവർക്ക് ഇന്നലെ നടന്ന യോഗത്തിൽ ക്യാഷ്അവാർഡ് പാരിതോഷികമായി നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ജോസഫ് ഇമ്മാനുവേൽ, പി.എസ്. രാജമ്മ, പ്രകാശ്കുമാർ വടക്കേമുറി, അംഗങ്ങളായ മേരി സജി, പ്രിൻസി കുരുവിള, ബിജി വറുഗീസ്, ജേക്കബ് തോമസ്, മോളി ജോയ്, രമ്യാ മനോജ് എന്നിവരും സെക്രട്ടറി പി.കെ. ജയൻ, പരിയാരം ഫ്രണ്ട്സ് യുണൈറ്റഡ് ക്ലബ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.