പത്തനംതിട്ട: മലങ്കര ഓർത്തഡോക്‌സ് സഭയിലെ സീനിയർ വൈദികനും മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം മുൻ സുപ്പീരിയറുമായിരുന്ന അപ്രേം റമ്പാൻ (100) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം3ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ മൈലപ്ര മാർ കുര്യാക്കോസ് ആശ്രമ ചാപ്പലിൽ നടക്കും. കോന്നി പുന്നൂരേത്ത് പരേതരായ കൊച്ചുകോശി - റാഹേലമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതരായ പി,കെ. മാത്തുക്കുട്ടി (തിരുവനന്തപുരം), ഫാ.പി.കെ. സ്‌കറിയ, പി.കെ. ജോർജ്, മറിയാമ്മ, ചിന്നമ്മ, തങ്കമ്മ, കുഞ്ഞമ്മ, കുഞ്ഞൂഞ്ഞമ്മ.
1946 ആഗസ്റ്റ് 16ന് ശെമ്മാശനായി. 1948 ജൂൺ 29നു വൈദികനും 1987 സെപ്റ്റംബർ 29ന് റമ്പാനുമായി. തുമ്പമൺ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ വികാരി, അട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്‌കൂൾ അദ്ധ്യാപകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. കിഴക്കൻ മലയോര മേഖലയിൽ നിരവധി ദേവാലയങ്ങളുടെ സ്ഥാപക വികാരിയാണ്. നൂറാം വയസിലും കർമനിരതനായിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. കുർബാനകളിലും സഭാവേദികളിലും മുടങ്ങാതെ പങ്കെടുത്തിരുന്നു.
ഭൗതികശരീരം നാളെ 2ന് പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്റർ മോർച്ചറിയിൽ നിന്നും വിലാപയാത്രയായി കുമ്പഴ വഴി മൈലപ്ര ആശ്രമത്തിൽ പൊതുദർശനത്തിനായി എത്തിക്കും.