ചെങ്ങന്നൂർ: ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തന്റെ മകന്റെ മരണം കൊലപാതകമാണെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നും കാട്ടി തിരുവൻവണ്ടൂർ കോലടത്തുശേരിമുറിയിൽ തറയിൽ വീട്ടിൽ രാധ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകി.രാധയുടെ ഏകമകൻ അഖിൽജിത്ത് (അപ്പു-16) ഇക്കഴിഞ്ഞ ഡിസംബർ ഒന്നിനാണ് വീടിനു സമീപമുളള ആൾത്താമസമില്ലാത്ത മറ്റൊരു വീടിന്റെ പടിപ്പുര വാതിലിന്റെ മേൽ കൂരയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് ചെങ്ങന്നൂരിൽ നിന്നും പൊലീസെത്തി രാത്രി ഒരു മണിയോടെതന്നെ മൃതദേഹം അഴിച്ചുമാറ്റി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. പിറ്റേന്ന് വണ്ടാനം മെഡിക്കൽക്കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്.
തന്റെ മകന് നാട്ടിൽ ശത്രുക്കൾ ഇല്ലായിരുന്നു. തൂങ്ങി നിന്ന മകന്റെ മൃതദേഹം ഒരു കാലിന്റെ പുറത്ത് മറ്റേക്കാൽ കയറ്റിവെച്ച് പടിപ്പുരയുടെ പടിയിൽ ഒരു കാലിന്റെ വിരലുകൾ തൊട്ടു നിൽക്കുന്ന നിലയിലായിരുന്നു കാണപ്പെട്ടത്. മൃതദേഹത്തിൽ ക്ഷതങ്ങളോ, മുറിവുകളോ ശരീരത്തിൽ ഇല്ലായിരുന്നു. മകൻ തൂങ്ങി മരിക്കത്തക്കവണ്ണമുള്ള ഒരു കാര്യവും തന്റെ അറിവിലോ കുടുംബത്തിലോ ഇല്ലന്ന് രാധ പറയുന്നു. മരിച്ച സ്ഥലത്തിനടുത്ത് എപ്പോഴും ആൾ സഞ്ചാരമുള്ള വഴിയാണ് ഉള്ളത്. തന്മൂലം ഇവിടെ തൂങ്ങി മരിക്കാനുള്ള സാദ്ധ്യതയും കുറവാണ്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സംശയിക്കുന്ന മകന്റെ കൂട്ടുകാരെക്കുറിച്ചും മറ്റ് ചില സാക്ഷികളെക്കുറിച്ചും വ്യക്തമായ സൂചനകൾ നൽകിയിട്ടും പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. മകന്റെ മരണത്തിന് ദുരൂഹതയുണ്ടെന്നും, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പോലും കൃത്രിമം കാട്ടിയിട്ടുണ്ട് എന്നാരോപിച്ച് രാധ മുഖ്യമന്ത്രിയെ കൂടാതെ പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രി, ഡി.ജി.പി, ചെങ്ങന്നൂർ എം.എൽ.എ, ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി, ചെങ്ങന്നൂർ ഡിവൈ.എസ്.പി എന്നിവർക്കെല്ലാം നിവേദനം നൽകി. പ്രതികളെ രക്ഷിക്കുവാൻ ഉന്നർ ചേർന്ന് ചിലരാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന സംശയവും രാധ ഉന്നയിക്കുന്നു. അധികാര കേന്ദ്രങ്ങളിൽ നിന്നും നീതി ലഭിച്ചില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും രാധ പറഞ്ഞു.