ചെങ്ങന്നൂർ: ജനകീയ പങ്കാളിത്വത്തോടെ വീണ്ടെടുത്ത വരട്ടാർ വീണ്ടും വിസ്മൃതിയിലേക്ക്?. നദിയുടെ വീണ്ടെടുപ്പിനായുളള ജനകീയ മുഖം നഷ്ടമായതാണ് നദി വീണ്ടും മാലിന്യ പൂരിതമാകുന്നതിനും നദിയിലെ കൈയ്യേറ്റങ്ങൾക്കും കാരണമായത്. നദിയിലെ കൈയ്യേറ്റവും നീരൊഴുക്ക് തടസപ്പെടുത്തുന്ന തരത്തിലുളള നിർമാണവും എല്ലാം യുദ്ധകാല അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിൽ നീക്കം ചെയ്തത്. ഇതോടെ വരട്ടാറിന്റെ പുനരുജ്ജീവനം സംസ്ഥാന സർക്കാരിന്റെ തന്നെ അഭിമാന നേട്ടങ്ങളിലൊന്നായി മാറി. മാത്രമല്ല ജനകീയമായി പിരിച്ചെടുത്ത പണം ഉപയോഗിച്ചാണ് പ്രാരംഭഘട്ടത്തിൽ വരട്ടാറിന്റെ വീണ്ടെടുപ്പ് നടത്തിയതെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. എന്നാൽ ഈ ജനകീയത നിലനിർത്താൻ കഴിയാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. നദിയുടെ വീണ്ടെടുപ്പിന്റെ രണ്ടാംഘട്ട പ്രവർത്തികൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് എം.എൽ.എ മാരായ സജിചെറിയാൻ, മാത്യു ടി. വീണാജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ തീരുമാനമെടുത്തെങ്കിലും പിന്നിടൊന്നും നടന്നിട്ടില്ല. ദിവസങ്ങൾക്ക് മുൻപ് വരട്ടാറിൽ നിക്ഷേപിച്ച കെട്ടുകണക്കിന് ഇറച്ചിമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ചിട്ടും ഇവ നീക്കം ചെയ്യുകയോ സംസ്ക്കരിക്കുകയോ ചെയ്യാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല നദിയിലെ നീരൊഴുക്ക് തടസപ്പെടുത്തുന്ന തരത്തിൽ നിർമാണ പ്രവർത്തികളും ഇതിനോടകം തന്നെ നടന്നുകഴിഞ്ഞു.
മാലിന്യ നിക്ഷേപം ആറാട്ടുകടവിന് സമീപം
എം.സി റോഡിൽ പ്രാവിൻകൂട് ആറാട്ടുകടവിന് സമീപം ഒരു ലോറിയിൽ കയറ്റാവുന്നതിലധികം അറവുശാലയിലെ മാലിന്യമാണ് ചാക്കിൽ കെട്ടി നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തുദിവസമായി ഇവ ചീഞ്ഞളിഞ്ഞ് വൻ ദുർഗന്ധമാണ് സമീപത്ത് പരക്കുന്നത്. കുറ്റൂർ-തിരുവൻ വണ്ടൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഇവിടം ഉടമസ്ഥാവകാശത്തെ ചൊല്ലിയുളള തർക്കമാണ് മാലിന്യം നീക്കം ചെയ്യാത്തതിന് കാരണമാകുന്നത്.
നവീകരിച്ച മുളംതോട്ടിലും വീണ്ടും കൈയ്യേറ്റം
തീരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് ഏറ്രെടുത്ത് പുനരുദ്ധരിച്ച പഴയ വരട്ടാർ (മുളംതോട്)വീണ്ടും കൈയ്യേറ്റം ആരംഭിച്ചു. ഇവിടെ സ്വകാര്യ വ്യക്തി തോട് നികത്തി വഴിനിർമിക്കാനുളള ശ്രമമാണ് നടത്തിയിരിക്കുന്നത്. പഞ്ചായത്തിന്റെ അനുമതി വാങ്ങിയാണ് വഴിനിർമിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇതേപ്പറ്റി അറിവില്ലെന്നാണ് ഗ്രാമപഞ്ചായത്ത് അസി. എഞ്ചീനിയർ പറയുന്നത്.
സ്വകാര്യ വ്യക്തി പഴയ വരട്ടാർ കൈയ്യേറി വഴി നിർമ്മിക്കാനുളള ശ്രമം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ട് സ്റ്റോപ്പ് മെമ്മോ നൽകി.
എസ്. സിന്ധു
(തിരുവൻവണ്ടൂർ വില്ലേജ് ഓഫീസർ)