പത്തനംതിട്ട : കാട്ടുപന്നി ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി മൈലപ്ര അമ്മാന്നൂർ എ.എം.വർഗീസിന് (68) പരിക്കേറ്റു. ഇന്നലെ രാവിലെ റബർതോട്ടത്തിൽ ടാപ്പിംഗ് നടത്തുമ്പോഴാണ് സംഭവം. പിന്നിൽ നിന്നെത്തിയ കാട്ടുപന്നി വർഗീസിന്റെ വലതുകാലിൽ കുത്തി വീഴ്ത്തുകയായിരുന്നു. മുട്ടിനു താഴെ ഗുരുതരമായി പരിക്കേറ്റു, നിലവിളി കേട്ടെത്തിയ പ്രദേശവാസികൾ രക്ഷപ്പെടുത്തിയ വർഗീസിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈലപ്രയിലും പരിസരങ്ങളിലും കാട്ടുപന്നി ശല്യം കാരണം കർഷകർ ഏറെ ദുരിതത്തിലാണ്. കൃഷിത്തോട്ടങ്ങളിൽ രാത്രിയിൽ പന്നി ശല്യം രൂക്ഷമാണ്. പലരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.