s
ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി തുരുത്തിക്കാട് ബി.എ.എം കോളേജിൽ ആരംഭിച്ച ശാസ്ത്രപഥം പദ്ധതിയുടെ ഉദ്ഘാടനം സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ.എ.പി കുട്ടികൃഷ്ണൻ നിർവ്വഹിക്കുന്നു.

തിരുവല്ല: ഹയർസെക്കൻഡറി ഒന്നാംവർഷ സയൻസ് വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയും ഗണിതാഭിരുചിയും വളർത്തുന്നതിന് സമഗ്രശിക്ഷ കേരളം, ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ ശാസ്ത്രപഥം പദ്ധതി ആരംഭിച്ചു. ജില്ലയിൽ നടത്തുന്ന റസിഡൻഷ്യൽ ക്യാമ്പ് തുരുത്തിക്കാട് ബി.എ.എം കോളേജിൽ സമഗ്രശിക്ഷ കേരളയുടെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ.എ.പി കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. 52 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ജില്ലയിലെ സർക്കാർ, എയിഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണിവർ. സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ.ആർ.വിജയമോഹനൻ പദ്ധതി വിശദീകരണം നടത്തി. സമഗ്രശിക്ഷ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ കെ.ജെ.ഹരികുമാർ, ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ, ബി.എ.എം കോളേജ് പ്രിൻസിപ്പാൾ ഡോ.അലക്‌സ് മാത്യു, ഡോ.ബിജു.ടി.ജോർജ്ജ്, പ്രൊഫ.ജെസിയാമ്മ കുര്യൻ, ഡോ.റാണി ആർ. നായർ, ബി.പി.ഒ പ്രകാശ് എ.കെ, എ.ഇ.ഒ അനില ബി.ആർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്രത്തിന്റെ രീതി പരിചയപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ശാസ്ത്രപഥം ക്യാമ്പ്. ജീവിത സന്ദർഭങ്ങളെയും വെല്ലുവിളികളെയും എങ്ങനെ ശാസ്ത്രീയമായി സമീപിക്കാമെന്ന് ക്യാമ്പിലൂടെ പരിശീലനം നൽകുന്നു. സയൻസിന്റെ ചരിത്രം, ശാസ്ത്രീയ സമീപനം നിത്യജീവിതത്തിൽ, ജൈവവൈവിദ്ധ്യ പഠനം, ഗണിതശാസ്ത്രത്തിലെ ക്രിയാത്മക പ്രവർത്തനങ്ങൾ, നക്ഷത്ര നിരീക്ഷണം, ലാബ് സന്ദർശനം തുടങ്ങിയ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടത്തും. രസതന്ത്രം വിഭാഗം മേധാവി ഡോ.റാണി ആർ. നായർ ക്യാമ്പിന്റെ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.