പത്തനംതിട്ട: റഫാൽ ഇടപാടിൽ ഉൾപ്പെടെ രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിൽ നിർത്തി ദുർഭരണം നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം പത്തനംതിട്ട രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിസർവ് ബാങ്ക് ഗവർണറെ നോക്കുകുത്തിയാക്കി നടപ്പാക്കിയ നോട്ടു നിരോധനവും വേണ്ടത്ര ആലോചന കൂടാതെയുള്ള ജി.എസ്.ടി നടപ്പാക്കലും രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും വിലക്കയറ്റവും മറ്റെന്നത്തേക്കാളും വർദ്ധിച്ചിരിക്കുകയാണ്. കടക്കെണി മൂലം കർഷക ആത്മഹത്യ പെരുകിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം രാജ്യത്തിന് നാണക്കേടായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വർഗീയത വളർത്തി ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെ പേരിൽ ഭിന്നിപ്പിച്ച് വോട്ട് നേടുവാനുള്ള ബി.ജെ.പി, സംഘപരിവാർ ശ്രമങ്ങളെ ശക്തമായി എതിർത്ത് തോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, മുൻ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ. കെ. ശിവദാസൻ നായർ, പി.മോഹൻരാജ്, യു.ഡി.എഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.ശരത്ചന്ദ്ര പ്രസാദ്, ട്രഷറർ ജോൺസൺ എബ്രഹാം, സെക്രട്ടറിമാരായ പഴകുളം മധു, ജി.രതികുമാർ, മണക്കാട് സുരേഷ്, ത്രിവിക്രമൻ തമ്പി, പി.എസ് രഘുറാം, എ.ഐ.സി.സി ശക്തി പദ്ധതി അഖിലേന്ത്യാ കോഓർഡിനേറ്റർ സ്വപ്നാ പാട്രോണിക്സ്, കെ.പി.സി.സി നിർവ്വാഹക സമിതി അംഗങ്ങളായ മാലേത്ത് സരളാ ദേവി, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, റബർ മാർക്ക് ചെയർമാൻ മാത്യു കുളത്തുങ്കൽ, ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം എന്നിവർ പ്രസംഗിച്ചു.