പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠനോത്സവത്തിനു തുടക്കമായി. നന്നുവക്കാട് എം.എസ്.സി.എൽ.പി സ്‌കൂളിൽ വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാംഗം കൗൺസിലർ ഏബൽ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സമഗ്രശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ.എ.പി കുട്ടികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി നിരവധി അക്കാദമിക പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയിട്ടുള്ളത്. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് ക്യാമ്പുകൾ, സയൻസ്പാർക്കുകൾ, പ്രതിഭാകേന്ദ്രങ്ങൾ, ഗണിതവിജയം, സർഗവിദ്യാലയം, ശാസ്ത്രവീഥി, ശാസ്ത്രകൗതുകം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. രണ്ടാഴ്ചക്കാലമാണ് പഠനോത്സവം. ക്ലാസ് തലത്തിലും തുടർന്ന് സ്‌കൂൾതലത്തിലും പഠനോത്സവം നടത്തും. മുഖ്യമായും ഏഴാംക്ലാസ് വരെയുള്ള കുട്ടികളെ പരിഗണിച്ചാണ് പഠനോത്സവം നടത്തുന്നത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി 1000 രൂപ മുതൽ 2000 രൂപ വരെ ഓരോ സ്‌കൂളിനും പഠനോത്സവ സംഘാടനത്തിനായി സമഗ്രശിക്ഷ പത്തനംതിട്ട നൽകിയിട്ടുണ്ട്.
സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ.ആർ.വിജയമോഹനൻ, വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ ശാന്തമ്മ, മുനിസിപ്പൽ കൗൺസിലർ പി.കെ.അനീഷ്, ഡയറ്റ് പ്രിൻസിപ്പൽ പി. ലാലിക്കുട്ടി, സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ കെ.ജെ.ഹരികുമാർ, പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ജില്ലാ കോഓർഡിനേറ്റർ എസ്.രാജേഷ്, ജില്ലാ പ്രോഗ്രാം ഓഫീസർ എ.പി ജയലക്ഷ്മി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിൽകുമാർ, ബി.ആർ.സി ട്രെയിനർ കെ.ജി.മിനി, കോഓർഡിനേറ്റർ കെ ലത, സ്‌കൂൾ പ്രഥമാദ്ധ്യാപിക ജെസി തോമസ്, പി.ടി.എ പ്രസിഡന്റ് എ. നൗഷാദ് എന്നിവർ സംസാരിച്ചു.