തിരുവല്ല: അനധികൃത കയ്യേറ്റവും നീരൊഴുക്കും നിലച്ചു വിസ്മൃതിയിലായ കോട്ടച്ചാൽ വീണ്ടെടുക്കുന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. പമ്പാനദിയിൽ വരമ്പിനകത്തുമാലി മണലിത്തറ ഭാഗത്തു നിന്നു തുടങ്ങി പാലത്തുംകുഴി വഴി തിരുവല്ല-മാവേലിക്കര റോഡു കടന്ന് വീണ്ടും പമ്പയാറ്റിലെത്തിച്ചേരുന്നതാണ് കോട്ടച്ചാൽ. മണിത്തറ ഭാഗത്തുനിന്നും തുടങ്ങിയ പുനരുജീവന പദ്ധതിയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കരി നിർവഹിച്ചു. നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്, ജില്ലാപഞ്ചായത്തംഗം സാം ഈപ്പൻ, എം.ബി.നൈനാൻ, സൂസമ്മ പൗലോസ്, പി.തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ ഒഴുകിയിരുന്ന കോട്ടച്ചാൽ രണ്ടു പഞ്ചായത്തുകളും ഉൾപ്പെടുന്ന അയ്യൻകോനാരി നീർത്തടത്തിന്റെ ഭാഗം കൂടിയാണ്. തർക്കോലി, മണിയനാകുഴി, വരാപ്പാടം, ചാലുകുളമ്പ് എന്നീ പാടശേഖരങ്ങളും നീർത്തടത്തിന്റെ ഭാഗമാണ്. അഞ്ചര കിലോമീറ്റർ നീളം വരുന്ന ചാലിന് പല സ്ഥലത്തും 60 അടി വരെ വീതിയുണ്ടായിരുന്നു. ഇന്നു മിക്ക ഭാഗങ്ങളും കയ്യേറ്റക്കാരുടെ കൈവശമാണ്. പലയിടത്തും തോട് കരയായി മാറിയ കാഴ്ചയാണ്. ചാലിനെ ഇല്ലാതാക്കി പല ഭാഗങ്ങളും പൂർണമായും നികത്തിയിട്ടുണ്ട്. ജലപാതകൾ സജീവമായിരുന്ന കാലത്ത് കോട്ടച്ചാലിലൂടെ പായ്കപ്പലുകൾ ധാരാളമായി പോയിരുന്നതായി പഴമക്കാർ പറയുന്നു.
നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം
ഇന്ന് പായലും പുല്ലും വളർന്നു കിടക്കുന്ന ചാലിന്റെ മുകളിലൂടെ ആർക്കും നടന്നുപോകാവുന്ന അവസ്ഥയാണ്. ജനകീയപങ്കാളിത്തത്തോട കോലറയാർ വീണ്ടെടുക്കുന്ന പ്രവൃത്തി പൂർത്തിയായതിനെ തുടർന്ന് ജലസേചന വകുപ്പിന്റെ നേതൃത്വത്തിലുള്ള നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. കോലറയാറിന്റെ പുനരുജീവനത്തിനിടയിൽ അവഗണിക്കപ്പെട്ടു കിടന്ന കോട്ടച്ചാലിന്റെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും പമ്പാനദിയിൽ എത്തിച്ചേരുന്ന ഭാഗം വീണ്ടെടുക്കുകയും ചെയ്യണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു.
പുനരുജ്ജീവനത്തിന് 12 ലക്ഷം
നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഏഴു ലക്ഷം രൂപ ഉപയോഗിച്ച് പായലും പോളയും നീക്കം ചെയ്യുക, ആഴം കൂട്ടുക എന്നീ പ്രവൃത്തികളാണ് ചെയ്യുന്നത്. ഒപ്പം മണിയനാകുഴി പാടശേഖരത്തിലേക്കുള്ള പ്രധാന വാച്ചാൽതോട് പുനരുദ്ധാരണത്തിനു അഞ്ചുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തോമാശ്ലീഹ എത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന തോമത്ത് കടവ് കോട്ടച്ചാലിന്റെ കരയിലാണ്. ഒരുമാസത്തിനുള്ളിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.