sureshkumar

പന്തളം: ഭാര്യയും മകനുമായി സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവ് അപകടത്തിൽ മരിച്ചു. പന്തളം കുരമ്പാല വിളപറമ്പിൽ വീട്ടിൽ കുട്ടന്റെയും മണിയുടെയും മകൻ സുരേഷ്‌കുമാറാണ് (30) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ എം.സി റോഡിൽ കുരമ്പാല ഇടയാടി കവലയ്ക്ക് സമീപമായിരുന്നു അപകടം. ഗൾഫിലായിരുന്ന സുരേഷ്‌കുമാർ പുതിയ വീടിന്റെ നിർമാണം പൂർത്തീകരിക്കാനായി അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കിടങ്ങന്നൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ സ്കൂട്ടറിൽ എതിരെ വന്ന ട്രാവലർ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാറിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മകൻ ആദിശങ്കരൻ (മൂന്ന്) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ ശരണ്യ (25)യ്ക്ക് നിസാര പരിക്കേറ്റു.