b
തിരുവല്ല ബൈപ്പാസിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ മഴുവങ്ങാട് ചിറയിൽ നിന്നും തുടങ്ങിയ

തിരുവല്ല: നിർമാണം നിലച്ചുപോയ തിരുവല്ല ബൈപ്പാസിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. മഴുവങ്ങാട് ചിറയിൽ നിന്നും ബി വൺ റോഡ് വരെയുള്ള ഭാഗങ്ങളുടെ മണ്ണിട്ടുയർത്തുന്ന ജോലികളാണ് തുടക്കമിട്ടത്. നിർമാണത്തിനുള്ള യന്ത്രസാമഗ്രികളും കല്ലും മണ്ണും ഉൾപ്പെടെയുള്ള സാമഗ്രികളും എത്തിച്ചിട്ടുണ്ട്. എം.സി റോഡിനു സമാന്തരമായി മണ്ണിട്ട് ഉയർത്തി റോഡ് നിരപ്പാക്കുന്ന ജോലികളാണ് ഇന്നലെ നടന്നത്. മാർച്ചിൽ ബി വൺ റോഡ് വരെയുള്ള ഭാഗം ഗതാഗതത്തിനു സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നിർമാണ കമ്പനിയുടെ ഓപ്പറേഷൻസ് വിഭാഗം എഞ്ചിനീയർ വിഷ്ണു മോഹൻ പറഞ്ഞു. ഇതോടൊപ്പം രാമഞ്ചിറയിലെ മേൽപ്പാലത്തിന്റെ പൈലിംഗ് ജോലികളും ആരംഭിക്കും. ഒരേസമയം എം.സി.റോഡിന്റെ ഇരുവശങ്ങളിൽ നിന്നും നിർമാണ ജോലികൾ പുരോഗമിക്കുന്നതാണ്. പുതുക്കിയ രൂപകൽപ്പനയിൽ പുതിയ എസ്റ്റിമേറ്റ് പ്രകാരം ലോകബാങ്കിന്റെ സഹായത്തോടെ കെ.എസ്.ടി.പി പണികൾ പുനരാരംഭിച്ചത്. രൂപകൽപ്പനയിൽ സംഭവിച്ച സാങ്കേതിക പിഴവുമൂലം ആവശ്യവേണ്ട ഭൂമി ഏറ്റെടുക്കാൻ കഴിയാതെ വന്നതിനാലാണ് ബൈപ്പാസിന്റെ പണികൾ ഒരുവർഷം മുമ്പ് നിലച്ചത്. ബൈപ്പാസ് അവസാനിക്കുന്ന രാമഞ്ചിറയിൽ ഫ്‌ളൈഓവർ ഉൾപ്പെടെ നിർമിച്ച് ഒൻപത് മാസത്തെ കരാർ കാലാവധിയിൽ 37 കോടിരൂപ ചെലവഴിച്ചാണ് ബൈപ്പാസ് പൂർത്തിയാക്കുക. മൂവാറ്റുപുഴ ആസ്ഥാനമായ എസ്.എസ്.ജി.എച്ച്.വി ഇന്ത്യ കമ്പനിക്കാണ് നിർമാണചുമതല. ബൈപ്പാസിന്റെ മധ്യഭാഗത്തുള്ള സ്ഥലം ഏറ്റെടുക്കൽ അവസാന ഘട്ടത്തിലായിട്ടുണ്ട്. അടുത്ത ഒൻപത് മാസത്തെ കാലയളവിൽ നിർമാണം പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ ബൈപ്പാസ് പൂർണമായി ഗതാഗതത്തിന് സജ്ജമാക്കാൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. 2014ലാണ് ബൈപ്പാസിന്റെ നിർമ്മാണ ജോലികൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകാതിരുന്നതിനാലും നിർമാണത്തിലെ സാങ്കേതിക പ്രശ്നങ്ങളും കാരണം ഇടയ്ക്ക് ഒരുവർഷക്കാലം പണികൾ മുടങ്ങി കിടന്നു. ബാക്കിയുള്ള ജോലികളാണ് കഴിഞ്ഞ 11ന് മന്ത്രി ജി.സുധാകരൻ ഔപചാരികമായി തുടക്കംകുറിച്ചത്.

37 കോടിരൂപ ചെലവ്

9 മാസത്തിനുള്ളിൽ പൂർത്തിയാകും