തിരുവല്ല: ജനവാസകേന്ദ്രമായ തൈമറവുകരയിൽ സാമൂഹ്യവിരുദ്ധർ സെപ്റ്റിക് ടാങ്കിലെ മാലിന്യം തള്ളിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഇന്നലെ പുലർച്ചയാണ് കുറ്റൂർ പഞ്ചായത്തിലെ തൈമറവുകര കാറ്റാടി കുരിശിനു സമീപം പാടശേഖരത്തിൽ വൻതോതിൽ മാലിന്യം തള്ളിയത്. എം.സി.റോഡിനെയും ടി.കെ.റോഡിനെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ കല്ലിശ്ശേരി-വള്ളംകുളം റോഡരുകിലെ പാടശേഖരമാണിത്. അസഹ്യമായ ദുർഗന്ധം കാരണം യാത്രക്കാരും സമീപവാസികളും കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. സമീപത്തെ വീടുകളിലെ കിണർ വെള്ളവും മലിനപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. സമീപത്തെ വരട്ടാറിലും അടുത്തകാലത്ത് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ജനകീയ പിന്തുണയോടെ വീണ്ടെടുത്ത വരട്ടാറിൽ മാലിന്യം തള്ളിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ മുമ്പ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. മാലിന്യം തള്ളൽ പതിവായതോടെ റോഡിലും സമീപ പ്രദേശങ്ങളിലും കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം സജീവമായിരിക്കുകയാണ്. സാമൂഹ്യവിരുദ്ധർക്കെതിരെ അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.