തിരുവല്ല:ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന (ഡി.ഡി.യു.ജി.കെ.വൈ)യുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ സി.എക്‌സ്.ഒ. മീറ്റ് സംഘടിപ്പിച്ചു. തിരുവല്ലയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം ലീല മോഹൻ ഉദ്ഘാടനം ചെയ്തു. തൊഴിൽദാതാക്കൾ എന്ന നിലയിൽ ഡി.ഡി.യു.ജി.കെ.വൈ വഴി ലഭിക്കുന്ന ഗുണങ്ങൾ സമ്മേളനം ചർച്ച ചെയ്തു. തൊഴിൽ പരിശീലനം നൽകുന്നതിലൂടെ കമ്പനികൾക്ക് ഉണ്ടാകാവുന്ന ലാഭവും, തൊഴിൽ സൃഷ്ടിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തവും മീറ്റിൽ സൂചിപ്പിച്ചു. പങ്കെടുത്ത കമ്പനികളിൽ ചിലത് പ്രോഗ്രാം ഇംപ്ലിമെന്റിംഗ് ഏജൻസിയായി ഡി.ഡി.യു.ജി. കെ. വൈയുമായി സഹകരിച്ച് പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ഡി.ഡി.യു.ജി.കെ.വൈയുടെ പ്രവർത്തന ആശയങ്ങൾ കേരളത്തിൽ പ്രാവർത്തികമാക്കുന്നത് കുടുംബശ്രീയിലൂടെയാണ്. തൊഴിൽ പരിശീലനം ആവശ്യമുള്ളവർക്ക് നൽകി അനുയോജ്യമായ തൊഴിൽ നേടാൻ സാഹചര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ മിഷൻ കോഓർഡിനേറ്റർ വി. എസ്. സീമ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രോഗ്രാം മാനേജർ അനിത കെ.നായർ പദ്ധതി വിശദീകരണം നടത്തി. ഇരുപതിലധികം പ്രമുഖ കമ്പനികളുടെയും, പ്രോഗ്രാം ഇംപ്ലിമെന്റിംഗ് ഏജൻസികളുടെയും പ്രതിനിധികൾ മീറ്റിൽ പങ്കെടുത്തു.