indira-c-pillai
ഇന്ദിര സി. പിളള

ചെങ്ങന്നൂർ:പാചക വാതക സിലിണ്ടർ ചോർന്നുണ്ടായ അഗ്നിബാധയിൽ ഹോട്ടൽ ജീവനക്കാരി വെന്തുമരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കടയ്‌ക്കേത്ത് അയ്യത്തു വീട്ടിൽ ചന്ദ്രൻപിളളയുടെ ഭാര്യ ഇന്ദിര സി.പിളള (48)യാണ് മരിച്ചത്.

ബഥേൽ ജംഗ്ഷന് സമീപം കൊച്ചുപുരയ്ക്കൽ സുഭാഷ് ഗോപാലിന്റെ ഉടമസ്ഥതയിലുളള മോനായിയുടെ കട എന്ന ഹോട്ടലിന്റെ അടുക്കളയ്ക്കാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 8ന് അടുക്കളയിൽ ഗ്യാസ് സ്റ്റൗവിന്റെ റഗുലേറ്റർ സിലിണ്ടറിൽ ഘടിപ്പിക്കുമ്പോൾ വാതകം ചോർന്നതാണ് അപകട കാരണം.

വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വലിയ സിലണ്ടറിന്റെ അടപ്പ് തുറന്നതോടെ ഗ്യാസ് ശക്തമായി പുറത്തേക്ക് ചീറ്റി. ഗ്യാസ് കുറ്റി സൂക്ഷിച്ചിരുന്ന മുറിയുടെ എതിർ വശത്തെ മുറിയിലാണ് ഇന്ദിര ഇരുന്നത്. രണ്ടുമുറിക്കും മദ്ധ്യത്തിലുളള മുറിയിൽ അടുപ്പ് കത്തുന്നുണ്ടായിരുന്നു. ഇവിടെ നിന്ന് പടർന്ന തീ ഇന്ദിര ഇരുന്ന മുറിയിലേക്ക് ആളിക്കത്തി. മറ്റു ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും ഇന്ദിരയ്ക്ക് പുറത്തു കടക്കാൻ കഴിഞ്ഞില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തിയെങ്കിലും ഹോട്ടലിലേക്കുള്ള ചെറിയ റോഡിലേക്ക് വാഹനം എത്തിക്കാനായില്ല. തുടർന്ന് ഫയർഫോഴ്സിന്റെ ചെറിയവാഹനം എത്തിച്ച് 8.30ഒാടെയാണ് തീ നിയന്ത്രിച്ചത്. ഗുരുതരമായി പൊളളലേറ്റ ഇന്ദിരയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചു. സംസ്‌കാരം പിന്നീട്. മകൻ: അരുൺ സി. പിളള.