naranganam-harthal
നാരങ്ങാനത്ത് നടന്ന സർവ്വകക്ഷി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ പ്രസംഗിക്കുന്നു

നാരങ്ങാനം: മിന്നൽ ഹർത്താലുകളോടുള്ള നാരങ്ങാനത്തെ വ്യാപാരികളുടെ സമീപനത്തിന് സർവകക്ഷിയോഗത്തിൽ അംഗീകാരം. മിന്നൽ ഹർത്താലുകൾക്ക് കടയടക്കില്ല എന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനത്തെ സർവകക്ഷിയോഗത്തിൽ പങ്കെടുത്ത ഒരു കക്ഷിയും എതിർത്തില്ല. ജനകീയ പ്രശ്‌നങ്ങൾ മുൻനിർത്തി മുൻകൂട്ടി പ്രഖ്യാപിക്കുന്ന ഹർത്താലിനോട് വ്യാപാരികൾ സഹകരിക്കും. ഹർത്താൽ ആഹ്വാനം ചെയ്യുന്ന സംഘടനകൾ അക്രമ മാർഗം വെടിഞ്ഞ് അഭ്യർത്ഥനയുടെ രീതി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ അഭ്യർത്ഥിച്ചു.രാഷ്ട്രീയ പാർട്ടികൾ വ്യാപാര സംഘടനകളുമായി ചർച്ച ചെയ്ത് മുന്നോട്ട് പോകും. മിന്നൽ ഹർത്താലുകളും അതോടനുബന്ധിച്ചുണ്ടാക്കുന്ന അക്രമങ്ങളും ആവർത്തിക്കപ്പെടരുതെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബെന്നി ദേവസ്യ പറഞ്ഞു. ഹർത്താലുകളോട് മാനസികമായി വിയോജിക്കുന്നു എന്നും എന്നാൽ പാർട്ടി ആഹ്വാനം ചെയ്യുന്ന ഹർത്താലിനോട് സഹകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബി.ജെ.പി.അംഗം കെ.ജി.സുരേഷ് കുമാർ പറഞ്ഞു. വ്യാപാരി വ്യവസായി പ്രതിനിധികളായി വി.ആർ. ത്രിവിക്രമൻ, കെ.ആർ.വേണു ഗോപാലൻ നായർ ,വി.എസ്.സനിൽകുമാർ, ടി.വി.രാജീവ് എന്നിവരും കോൺഗ്രസ് പാർട്ടി പ്രതിനിധിയായി പി. കെ. സലിം,സി.പി.എം.പ്രതിനിധിയായി ലോക്കൽ സെക്രട്ടറി ബെന്നി ദേവസ്യ, ബ്ലോക്ക് മെമ്പർ ജോൺ തോമസ് എന്നിവരും ബി.ജെ.പി.പ്രതിനിധികളായി പ്രസിഡന്റ് വി.വി.പ്രസാദ്', കെ.ജി.സുരേഷ് കുമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൽ. വിജയമ്മ., വി.എസ്.സുധാകരൻ വൈദ്യൻ എന്നിവർ സംസാരിച്ചു.