തിരുവല്ല: സംസ്ഥാന ബഡ്ജറ്റിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ 170 കോടി രൂപയുടെ വികസനപദ്ധതികൾക്ക് പണം ചെലവഴിക്കും. തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളുടെ നവീകരണത്തിനാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. മല്ലപ്പള്ളിയിൽ 25 കോടിയും തിരുവല്ലയിൽ ഒ.പി കെട്ടിടം നിർമ്മിക്കാൻ 12 കോടിയും നീക്കിവച്ചിട്ടുണ്ട്. പരുമലയിൽ ഉപദേശി കടവ് പാലം നിർമ്മിക്കാനും കടപ്ര വീയപുരം ലിങ്ക് ഹൈവേ നിർമ്മാണത്തിനും 20 കോടി വീതം ചെലവഴിക്കും. കാഞ്ഞിരത്തുമൂട് - ചാത്തങ്കരി - നെടുമ്പ്രം റോഡിനു 10 കോടി വകയിരുത്തി. പുളിക്കീഴിൽ പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മിക്കാനും പത്തുകോടി അനുവദിച്ചിട്ടുണ്ട്. കാവുംഭാഗം തുകലശ്ശേരി ടെമ്പിൾ റോഡിന്റെ നിർമ്മാണത്തിന് 12 കോടി ചെലവഴിക്കും. വിദ്യാഭ്യാസ ഓഫീസുകൾ ഒരു കുടക്കീഴിലാക്കാൻ തിരുവല്ല വിദ്യാഭ്യാസ കോംപ്ലക്‌സിന് എട്ടുകോടി വകയിരുത്തി, മന്നംകരച്ചിറയിൽ പാലം നിർമ്മിക്കാൻ ഏഴുകോടി ചെലവഴിക്കും, പെരുന്തുരുത്തി - ഏറ്റുമാനൂർ ബൈപ്പാസിന് മൂന്നുകോടി, അട്ടക്കുളം പാലം മൂന്നു കോടി, കല്ലുകടവ് പാലം ഏഴുകോടി, കോതേകാട്ടു പാലം അഞ്ചുകോടി, മല്ലപ്പള്ളി - കോമളം - മുക്കൂർ റോഡ് നിർമ്മാണത്തിന് പത്തുകോടി. വല്യമ്പലം തെക്കേനട പാലം നിർമ്മാണത്തിന് അഞ്ചുകോടി, സ്വാമിപാലം പുതുക്കി നിർമ്മിക്കാൻ ആറുകോടി, ഓട്ടത്തിൽക്കടവ് പാലം ഒരുകോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നു മാത്യു ടി തോമസ് എം.എൽ.എ അറിയിച്ചു.

വരട്ടാറിൽ നീർത്തട വികസനത്തിന് 25 കോടി
തിരുവല്ല; നദിയുടെ പുനരുജ്ജീവനത്തിലൂടെ ശ്രദ്ധയാകർഷിച്ച വരട്ടാർ ഇത്തവണയും ബഡ്ജറ്റിൽ ഇടംപിടിച്ചു. വരട്ടാർ നദീതടത്തിലെ ജൈവവൈവിദ്ധ്യ വികസന പദ്ധതിക്ക് 25 കോടി രൂപ കേന്ദ്ര ജൈവ വൈവിധ്യ ബോർഡ് വാഗ്ദാനം ചെയ്യ്തിട്ടുണ്ട്. ഹരിതമിഷൻ മുൻകൈയെടുത്ത് പദ്ധതി​ നടപ്പാക്കാൻ നബാർഡ് തുടങ്ങിയ കേന്ദ്ര ഏജൻസികളിൽ നിന്ന് അധികവിഭവം ലഭ്യമാക്കും. ജനകീയ പിന്തുണയോടെ സംസ്ഥാനത്ത് പുനർജ്ജനിച്ച 24 പുഴകളുടെ സംരക്ഷണത്തിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലും വരട്ടാർ ഉൾപ്പെടുത്തിയിട്ടുണ്ട്.