ചെങ്ങന്നൂർ: ബഡ്ജറ്റിൽ ചെങ്ങന്നൂർ മണ്ഡലത്തിന് 287 കോടി അനുവദിച്ചു. പ്രളയം തകർത്തെറിഞ്ഞ ചെങ്ങന്നൂരിന്റെ സമസ്തമേഖലയും പുനരുദ്ധരിക്കാൻ എക്കാലത്തെയും മികച്ച തുകയാണ് ചെങ്ങന്നൂരിന് ബഡ്ജറ്റിലൂടെ അനുവദിച്ചതെന്ന് ഇടതുപക്ഷം അവകാശവാദം ഉന്നയിച്ചു. ചെങ്ങന്നൂർ നിവാസികളുടെ ദീർഘ നാളത്തെ ആവശ്യമായ ചെങ്ങന്നൂർ ബൈ പാസ്, പ്രളയത്തിൽ തകർന്ന മുൻസിപ്പൽ, പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണം, കോട്ട പ്രഭുറാം മിൽസിനുളള സഹായം, പ്രളയ ദുരന്ത സ്മാരകം ഉൾപ്പെടെയുള്ള പദ്ധതികളാണ് നടപ്പാകുന്നത്. എന്നാൽ പ്രളയ ദുരിത്തിൽ പെട്ടവർ ഇപ്പോഴും വീടുകളിൽ പോകാൻ കഴിയാതെ ദുരിതാശ്വാസ ക്യാമ്പുകളിലും വാടക വീടുകളിലുമായാണ് കഴിയുന്നത്. ബഡ്ജറ്റിൽ വലിയ പ്രതീക്ഷ പുലർത്തിയിരുന്ന ദുരിത ബാധിതർക്ക് വീടുവച്ചു നൽകാതെ പ്രളയ സ്മാരകം നിർമ്മിക്കാനുളള സർക്കാരിന്റെ നീക്കം അപഹാസ്യവും പ്രളയ ബാധിതരോടുളള വെല്ലുവിളയാണെന്നും കോൺഗ്രസ്സും ബി.ജെ.പിയും ആരോപിച്ചു.
ബഡ്ജറ്റിൽ ഉൾക്കൊളളിച്ച പദ്ധതികൾ
നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി തോട്ടിയാട് റെയിൽവേ സ്റ്റേഷൻ ബൈപാസ് റോഡ് നിർമ്മിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ 200 കോടി രൂപയാണ് വകയിരുത്തിയത്. ഗ്രാമീണ റോഡുകൾക്ക് 30 കോടി. പ്രളയദുരന്ത സ്മാരക നിർമ്മാണത്തിന് 2 കോടി. കോട്ട പ്രഭുറാം മിൽ നവീകരണത്തിന് 5 കോടി, ചെങ്ങന്നൂർ മാർക്കറ്റ് നിർമ്മാണം (5 കോടി), ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ പൊതുശ്മശാനം പാണ്ടനാട്ടിൽ നിർമ്മിക്കുന്നതിനായ് (2 കോടി), മാന്നാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനു പുതിയ കെട്ടിട നിർമ്മാണം (3 കോടി), ചെങ്ങന്നൂർ സിവിൽ സ്റ്റേഷൻ രണ്ടാം ഘട്ട നിർമ്മാണം (5 കോടി), പ്രളയ ദുരന്ത സ്മാരക നിർമ്മാണം (2 കോടി), വെണ്മണി കുതിരവട്ടം ചിറ ടൂറിസം പദ്ധതി (2 കോടി), ഉളുന്തി പാലം (3 കോടി) വെണ്മണി ശാർങക്കാവ് പാലം (10 കോടി), ചെന്നിത്തല ചില്ലിത്തുരുത്ത് സ്വാമിത്തറ റോഡ് (5 കോടി) മഴുക്കീർ ജെ.ബി സ്‌കൂൾ (1 കോടി) ,ആല പൂമലച്ചാൽ ടൂറിസം (2 കോടി), പാണ്ടനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (2 കോടി), പാണ്ടനാട് കീഴ് വന്മഴി ജെ ബി എസ് (1 കോടി) കൊല്ലകടവ് സ്ലോട്ടർ ഹൗസ് (2 കോടി), നഗരത്തിൽ സമ്പൂർണ സിഗ്‌നൽ സംവിധാനം (1 കോടി), ചെങ്ങന്നൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സമ്പൂർണ വികസനം (2 കോടി) എന്നിങ്ങനെയാണ് പദ്ധതികളും ഫണ്ടും.