zonal
കശുഅണ്ടി പരിപ്പിന്റെ മാതൃകയിൽ നിർമ്മിക്കുന്ന കിളികൊല്ലൂർ സോണൽ ഓഫീസിന്റെ രൂപരേഖ

 ഏഴ് നിലകൾ

 നിർമ്മാണച്ചെലവ് എട്ടരക്കോടി

 ബഹുരാഷ്ട്ര കമ്പനികളുടെ ഓഫീസിന് സമാനമായ സജ്ജീകരണങ്ങൾ

കൊല്ലം: കശുഅണ്ടിയുടെ നാടായ കൊല്ലത്ത് കശുഅണ്ടിപ്പരിപ്പിന്റെ മാതൃകയിൽ പുതിയ ഏഴ് നിലക്കെട്ടിടം വൈകാതെ ഉയരും. കൊല്ലം നഗരസഭയുടെ കിളികൊല്ലൂർ സോണൽ ഓഫീസിനാണ് കശുഅണ്ടിപ്പരിപ്പിന്റെ മാതൃകയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ നിർമ്മാണരീതിയെ അനുസ്മരിപ്പിക്കുന്ന രീതിയിലാവും സോണൽ ഓഫീസിന്റെ നിർമ്മാണവും. തറനിരപ്പിലെ നില പാർക്കിംഗ് കേന്ദ്രമായിരിക്കും. ഒന്നാം നിലയിൽ പുതുമയാർന്ന സജ്ജീകരണങ്ങളോടെയുള്ള ഫ്രണ്ട് ഓഫീസ്. ഒന്നും രണ്ടും നിലകളിലായി സോണൽ ഓഫീസ് പ്രവർത്തിക്കും. മുകളിലുള്ള നാല് നിലകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിട്ടുനൽകും. എല്ലാ നിലകളിലും എയർ കണ്ടീഷനും ലിഫ്റ്റുമുണ്ടാകും. എറണാകുളം ആസ്ഥാനമായ ഗണേശ് ടെക്നിക്കൽ കൺസൾട്ടൻസിയാണ് സോണൽ ഓഫീസിന്റെ രൂപരേഖ തയാറാക്കിയത്.

 രണ്ട് നിലകളിൽ ഐ.ടി അധിഷ്ഠിത സംരംഭങ്ങൾ

എട്ടരക്കോടിയാണ് ഏഴ് നിലയുള്ള കെട്ടിടത്തിന്റെ മൊത്തം നിർമ്മാണച്ചെലവ്. ഇതിൽ സോണൽ ഓഫീസിന് ആവശ്യമുള്ള രണ്ട് നിലകളുടെ നിർമ്മാണച്ചെലവായ രണ്ടരക്കോടി നഗരസഭ വഹിക്കും. ശേഷിക്കുന്ന നിലകളുടെ നിർമ്മാണത്തിന് ഇവിടെ സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവരിൽ നിന്നും താല്പര്യപത്രം ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളുടെ പണം ഉപയോഗിച്ചാകും മുകളിലേയ്ക്കുള്ള നിലകളുടെ നിർമ്മാണം. ഒറ്റഘട്ടമായി തന്നെ മുഴുവൻ നിലകളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. ടെക്നോപാർക്കുകളുടെ മാതൃകയിൽ ഓരോ നിലയിലെയും നിശ്ചിത സ്ഥലം വിട്ടുനൽകാനും ആലോചനയുണ്ട്. സ്റ്റാർട്ടപ്പുകളും ഐ.ടി അധിഷ്ഠിത സംരംഭങ്ങളുമാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്.

'' നഗരസഭയുടെ സ്വപ്ന പദ്ധതിയാണിത്. സോണൽ ഓഫീസിന്റെ പ്രവർത്തനത്തിനാവശ്യമായ രണ്ട് നിലകളുടെ നിർമ്മാണച്ചെലവേ നഗരസഭ വഹിക്കൂ. എത്രയും പെട്ടെന്ന് നിർമ്മാണം തുടങ്ങും.

എം.എ. സത്താർ( നഗരസഭാ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ)