കൊട്ടിയം: ബൈപാസ് റോഡിലെ അശാസ്ത്രീയമായ സുരക്ഷാവേലിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം അയത്തിൽ ബൈപാസ് ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു. യാതൊരു പഠനവും നടത്താതെ റോഡിന്റെ വശങ്ങളിൽ നിർമ്മിച്ച ഇരുമ്പുസുരക്ഷാവേലിയാണ് അപകടക്കെണിയാവുന്നത്. സുരക്ഷാവേലി റോഡിനോട് ചേർന്നായതിനാൽ കാൽനട യാത്രക്കാർക്ക് ഇതുവഴി കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. സുരക്ഷാവേലി പാലത്തിന്റെ കൈവരികളിലാണ് ബന്ധിപ്പിച്ചിട്ടുള്ളത്. അതിനാൽ ഫുഡ് പാത്തില്ലാത്ത പാലത്തിലൂടെ നടന്നുപോകുന്നതും അപകടങ്ങളുണ്ടാക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന്റെ വശങ്ങളിലേയ്ക്ക് സുരക്ഷാവേലി മാറ്റി സ്ഥാപിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. ഇവിടെ സ്ഥാപിച്ച ട്രാഫിക് സിഗ്നലിൽ സമയക്രമീകരണം നടത്താത്തതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. 2 ദിവസം മുമ്പ് വൈകിട്ട് സംസ്ഥാന ഹൈവേയിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതോടെ സിഗ്നൽ ലൈറ്റ് അണച്ചാണ് കുരുക്ക് ഒഴിവാക്കിയത്. പള്ളിമുക്കിലേയ്ക്കുള്ള റോഡിലേക്ക് തിരിഞ്ഞു പോവേണ്ട വാഹനങ്ങളാണ് സിഗ്നൽ വന്നതോടെ വലയുന്നത്. ഇവർക്ക് കടന്ന് പോവാനാവശ്യമായ സിഗ്നൽ ക്രമീകരണം ഇവിടെ നടത്തിയിട്ടില്ല. കാൽനടയാത്രയ്ക്ക് തടസമായി സ്ഥാപിച്ചിട്ടുള്ള സുരക്ഷാവേലി മാറ്റി സ്ഥാപിക്കണമെന്നാശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അയത്തിൽ നിസാമിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തിയ ശേഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി.ക്ക് നിവേദനം നൽകിയിട്ടുണ്ട്. ഹൈവേ അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷസമര പരിപാടികൾ ആരംഭിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.