പ്രൊഫ.എൻ. രവിയോട് കുടുംബത്തോടാണോ ചെടികളോണോ കൂടുതൽ സ്നേഹം എന്ന് ചോദിച്ചാൽ ആരെയും പിണക്കേണ്ടെന്ന് കരുതി അദ്ദേഹം പറയും, 'രണ്ടും ഇഷ്ടമാണ് " . ചെടികളോടാണ് അല്പം ഇഷ്ടക്കൂടുതലെന്ന് കുടുംബാംഗങ്ങൾക്കറിയാം. എന്നാൽ കുടുംബത്തോടുള്ള ഒരു ഉത്തരവാദിത്വവും അദ്ദേഹം ഇതുവരെ നിറവേറ്റാതിരുന്നിട്ടില്ല. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെടികൾക്കായി ഉഴിഞ്ഞുവച്ച പ്രൊഫ. രവിക്ക് 80 തികഞ്ഞു. കൊല്ലം മുണ്ടയ്ക്കലിൽ ചെടികളുടെയും പൂക്കളുടെയും ആരാമമായ 'വെർബിന" യിൽ പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ സുദിനം കടന്നുപോയത്. കേട്ടറിഞ്ഞ് ശിഷ്യഗണങ്ങളിൽ ചിലർ ആശംസ നേരാൻ എത്തിയിരുന്നു.
അദ്ധ്യാപകൻ, വിഖ്യാത ടാക്സോണമിസ്റ്റ്, പ്രകൃതി സംരക്ഷകൻ, പരിസ്ഥിതി സ്നേഹി, തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും സദാ സൗമ്യമധുരമായ ചിരിയും എളിമയുമാണ് ശിഷ്യഗണങ്ങളെ അദ്ദേഹത്തിലേക്ക് ആകർഷിക്കുന്നത്. നാം നടക്കുന്നതിനിടെ ചവിട്ടിത്തേച്ചു പോകുന്ന പുല്ലിലും പൂച്ചെടിയിലും നിന്ന് പ്രൊഫസർ രവി കണ്ടെത്തി സസ്യലോകത്തിന് സമർപ്പിച്ചത് 32 ഓളം പുതിയ സ്പീഷീസുകളെയാണ്.
സസ്യശാസ്ത്രത്തിൽ ''ടാക്സോണമി" എന്ന ശാഖയ്ക്ക് ഇത്രയേറെ പുതിയ ചെടികളെ കണ്ടെത്തി നാമകരണം നടത്തി സമർപ്പിച്ച അപൂർവ വ്യക്തിയാണ് രവി. വിവിധ എസ്.എൻ കോളേജുകളിൽ ബോട്ടണി അദ്ധ്യാപകനായും പ്രൊഫസറായും സേവനമനുഷ്ഠിച്ച രവി കൊല്ലം എസ്.എൻ കോളേജിൽ നിന്ന് 1994 ൽ വകുപ്പു മേധാവിയായാണ് വിരമിച്ചത്. നാലുപതിറ്റാണ്ട് നീണ്ട അദ്ധ്യാപന ജീവിതത്തിനിടെയും വിരമിച്ച ശേഷവും നടത്തിയ ഗവേഷണങ്ങളിലൂടെയാണ് പുതിയ സസ്യ സ്പീഷീസുകളെ കണ്ടെത്തി സസ്യശാസ്ത്ര ലോകത്തിന് മുതൽക്കൂട്ടേകിയത്. എന്തോ തിരയും പോലെ താഴേക്ക് നോക്കിയുള്ള നടത്തത്തിനിടെ രവി അന്വേഷിക്കുന്നത് അപൂർവസസ്യങ്ങളെയാണ്. ഇതിനിടെ കണ്ണിൽപ്പെടുന്ന സസ്യവുമായി നേരെ കോളേജ് ലാബിലേക്ക്. അവിടത്തെ പരിമിതമായ സൗകര്യത്തിൽ ഗവേഷണം. ഇങ്ങനെ കണ്ടെത്തിയ ആദ്യ സസ്യ സ്പീഷീസിന് അദ്ദേഹം പേരിട്ടു, 'സോർണിയ ക്വയിലോണൻസിസ് " രണ്ടാമത് കണ്ടെത്തിയ സസ്യത്തിന് സുഹൃത്തിന്റെ പേരാണ് നൽകിയത്. 'ബൊറീറിയ ഇറാഡിയൈ" പിന്നാലെ പുതിയ ഒട്ടേറെ സസ്യ സ്പീഷീസുകൾ. ശ്രീനാരായണഗുരുവിന്റെയും (ഹിബിസ്ക്കസ് ശ്രീനാരായണിയാനസ്), പല്ലനയിൽ നിന്ന് കണ്ടെത്തിയ ചെടിക്ക് കുമാരകോടിയുടെയും (ഇഷിമം കുമാരകോടിയൻസിസ്) പേരാണ് നൽകിയത്. സ്വന്തം പേരിലുമുണ്ട് (സൈദ രവിയൈ, പലേഖ്യം രവിയൈ, ട്രൈപോഗോൺ രവിയാനസ്). അദ്ദേഹം കണ്ടെത്തിയ ഒരു ജീനസിന് പിതാവിന്റെ പേരാണ് നൽകിയത് (നാണു രവിയൈ). വിരമിച്ച ശേഷവും അടുത്തകാലം വരെയും പുതിയ സ്പീഷീസുകൾ തേടിയുള്ള രവിയുടെ ഗവേഷണം തുടരുകയായിരുന്നു .
പരിസ്ഥിതി സ്നേഹിയെന്ന നിലയിൽ അദ്ദേഹം നടത്തിയ ഒറ്റയാൾ പോരാട്ടം കേരളത്തിൽ സമാനതകളില്ലാത്തതാണ്. ആശ്രാമത്തെ കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ പ്രക്ഷോഭങ്ങളും സമരങ്ങളും പിന്നെ നീണ്ട 12 വർഷക്കാലം ഹൈക്കോടതിയിൽ പോരാട്ടം. സംഘടനാബലമോ രാഷ്ട്രീയ പിൻബലമോ ഇല്ലാതെ സ്വന്തം പോക്കറ്റിലെ പണം ചെലവഴിച്ച് കോടതിയിൽ നടത്തിയ പോരാട്ടത്തിന് അദ്ദേഹത്തിന് പിന്തുണ നൽകിയത് കുടുംബവും പിന്നെ ശിഷ്യഗണങ്ങളിൽ പെട്ടവരുമാണ്. കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത് ഏറെ ചർച്ചയായതാണ്. കണ്ടൽക്കാടുകളിൽ ഇനി ഒരിഞ്ചു പോലും നഷ്ടപ്പെടാതിരിക്കാൻ ആശ്രാമത്തെ കണ്ടൽക്കാടുകളെ ജൈവവൈവിദ്ധ്യ പൈതൃകസ്ഥാനത്തേക്ക് ഉയർത്തുന്ന സ്ഥിതി വരെ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകും വരെയും അദ്ദേഹത്തിന് വിശ്രമമില്ല.
കായംകുളം പുതുപ്പള്ളി വേണാട്ടുശ്ശേരിയിൽ എസ്.എൻ.ഡി.പി യോഗം സംഘടനാ സെക്രട്ടറിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.ആർ . നാണുവിന്റെയും മാധവിയമ്മയുടെയും മകനാണ് രവി. ഭാര്യ എസ്.എൻ വനിതാ കോളേജ് റിട്ട. ബോട്ടണി പ്രൊഫസർ രേണുകാദേവി. ഏകമകൾ രാഖി, മരുമകൻ ഡോ. ശ്രീനിവാസൻ.