oldage

കൊല്ലം: വൃദ്ധ സദനങ്ങളിൽ അഭയം തേടുന്നവർക്കായി ഒരു സന്തോഷവാർത്ത. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്താൽ നിങ്ങൾക്കും കിട്ടും, സർക്കാർ ജോലി. നന്നായി കൃഷി ചെയ്‌തിരുന്നവർക്ക് സർക്കാരിന്റെ കാർഷിക പദ്ധതികളിൽ മേൽനോട്ടക്കാരാകാം. കൽപ്പണിക്കാർക്ക് നിർമ്മാണ പദ്ധതികളിൽ പങ്കെടുക്കാം. കഴിവും പ്രവൃത്തി പരിചയവും അനുസരിച്ചായിരിക്കും ജോലി.

വിവിധ മേഖലകളിൽ പരിചയവും വൈദഗ്‌ദ്ധ്യവുമുള്ള വൃദ്ധരുടെ സേവനം വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുത്താൻ തൊഴിൽവകുപ്പാണ് 'നവജീവൻ" എന്ന പേരിൽ പദ്ധതി ആരംഭിക്കുന്നത്. ജോലിക്കായി വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും സഹിതം ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഇങ്ങനെ തയ്യാറാകുന്ന ഡേറ്റാ ബാങ്കിൽ നിന്നാണ് വിവിധ മേഖലകളിൽ ജോലിക്ക് തിരഞ്ഞെടുക്കുക.
50നും 65നും ഇടയിൽ പ്രായമുള്ളവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ വിരമിച്ച ശേഷം രജിസ്റ്റർ ചെയ്യാം. പ്രായമായവരുടെ ഒറ്റപ്പെടൽ ഒഴിവാക്കി ഇവരുടെ വൈദഗ്‌ദ്ധ്യം പ്രയോജനപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം.

നിലവിൽ 114537 പേർ

നല്ല കാലത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടും ഇതുവരെ ജോലി ലഭിക്കാത്ത 50നും 65നും ഇടയിൽ പ്രായമുള്ള 114537 പേരുണ്ട്. ഇവരിൽ 41549 പേർ പുരുഷന്മാരും 72988 പേർ സ്ത്രീകളുമാണ്.