കൊല്ലം : 25 വർഷമായി തരിശായികിടന്ന പാണ്ടിവയലിൽ പെരുവാമൂഴി ഏലായിൽ ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര നഗരസഭയും കൃഷിഭവനും ചേർന്ന് വിത്ത് വിതച്ചു. വെളളത്തിന്റെ ദൗർലഭ്യമായിരുന്നു ഇവിടെ നെൽകൃഷിക്ക് തടസമായിരുന്നത്.പാണ്ടിവയൽ തോടും അനുബന്ധ കൈത്തോടുകളും മണ്ണും ചെളിയും മാലിന്യവും നിറഞ്ഞ് വഴിമാറി ഒഴുകിയതോടെയാണ് കൃഷി നിലച്ചത്. കൃഷിക്കായി ജനപങ്കാളിത്തത്തോടെ പാണ്ടിവയൽ തോട് പുനരുജ്ജീവിപ്പിച്ചു. താത്കാലിക തടയിണകൾ നിർമ്മിച്ചും കൈത്തോടുകൾ വഴി ഏലയിലേക്ക് വെള്ളം എത്തിച്ചുമാണ് കൃഷി ആരംഭിച്ചത്. ഹിറ്റാച്ചി ഉപയോഗിച്ച് പുനരുജ്ജീവനപ്രവർത്തനം ഇപ്പോഴും തുടരുന്നു. പാടശേഖരസമിതി, റെസിഡന്റ്‌സ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ രംഗത്തുണ്ട്. ഐഷാപോറ്റി എം.എൽ.എ വിതഉത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ ബി.ശ്യാമളഅമ്മ, ഉപാദ്ധ്യക്ഷൻ സി.മുകേഷ്, തഹൽസീദാർ ബി.അനിൽകുമാർ, കൃഷി ഓഫീസർ റോഷൻ ജോർജ്ജ്, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്.ഐസക്ക്, നഗരസഭ കൗൺസിലർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പാടശേഖരസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.