കൊല്ലം: നാട്യരത്‌നം തോന്നയ്ക്കൽ പീതാംബരൻ കഥകളി രംഗത്തെ അതുല്യ പ്രതിഭയാണെന്നും അദ്ദേഹം കഥകളിക്ക് നൽകിയ സംഭാവനകൾ അമൂല്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊട്ടിയം റസിഡന്റ്‌സ് അസോസിയേഷന്റെ 15-ാം വാർഷികാഘോഷ പരിപാടികളോടനുബന്ധിച്ച് കൊട്ടിയം സുമയ്യ ഒാഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെയും തോന്നയ്ക്കൽ പീതാംബരന്റെ അശീതി ആഘോഷത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ചെന്നിത്തല. ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ മേഖലകളിൽ മികവ് പുലർത്തിയ 35 പേരെ ആദരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനും ചലച്ചിത്ര നടൻ ടി.പി. മാധവനും ചേന്ന് നിലവിളക്ക് കൊളുത്തി നിർവഹിച്ചു. കാർട്ടൂണിസ്റ്റ് പാച്ചൻ കൊട്ടിയത്തിന്റെ കാർട്ടൂൺ പ്രദർശനം, തോന്നയ്ക്കൽ പീതാംബരന്റെ കഥകളി ഫോട്ടോ പ്രദർശനം, ഷോർട്ട് ഫിലിമുകളുടെ പ്രദർശനം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, കലാപരിപാടികൾ എന്നിവ നടന്നു. കാർട്ടൂൺ പ്രദർശനത്തിന്റെ ഉദ്ഘാടനം കൊട്ടിയം എസ്.എൻ പോളിടെക്‌നിക് പ്രിൻസിപ്പൽ വി.അജിത്ത് നിർവഹിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കൊട്ടിയം എൻ. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു .തോന്നയ്ക്കൽ പീതാംബരൻ രചിച്ച പുസ്തകത്തിന്റെ പ്രകാശനകർമ്മം എൻ. പീതാംബരകുറുപ്പ്, ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരിക്ക് നൽകി നിർവഹിച്ചു. ഡിവൈ.എസ്.പി റെക്‌സ് ബോബി അർവിൻ, പാച്ചൻ കൊട്ടിയം, എ. ഷാനവാസ് ഖാൻ, എസ്. സുധീശൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. ഗോപൻ, ജിനരാജൻ, എസ്. കബീർ, ഷിബു മനോഹർ ,ബിനോ ഭാർഗവൻ എന്നിവർ സംസാരിച്ചു.