കൊല്ലം: പതിനായിരക്കണക്കിന് വനിതകളുടെ പങ്കാളിത്തത്തോടെ ജില്ലയിലെ ദേശീയപാതയിൽ വനിതാമതിലുയർന്നു. ഓച്ചിറ മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ 58 കിലോമീറ്റർ ദൂരത്തിലാണ് ജില്ലയിലെ വനിതകൾ ചരിത്ര മതിലിന്റെ ഭാഗമായത്. ജാതിമത ഭേദമില്ലാതെ വൃദ്ധരായ അമ്മമാരും യുവതികളും പെൺകുട്ടികളും സ്കൂൾ - കോളേജ് യൂണിഫോമിൽ വിദ്യാർത്ഥിനികളും മതിലിൽ അണിനിരന്നു.
ചിന്നക്കടയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി. ഐഷാപോറ്റി എം.എൽ.എ, കെപ്കോ ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി, അസിസ്റ്റന്റ് കളക്‌ടർ എസ്. ഇലക്കിയ ഉൾപ്പെടെയുള്ളവർ ചിന്നക്കടയിൽ മന്ത്രിക്കൊപ്പം മതിലിന്റെ ഭാഗമായി.
തുടർന്ന് ചേർന്ന സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്‌തു. ജില്ലാ കളക്ടർ എസ്. കാർത്തികേയൻ, കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്‌ണപിള്ള, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, എം.എൽ.എമാരായ എം. മുകേഷ്, കെ.ബി. ഗണേശ്കുമാർ, മുതിർന്ന സി.പി.എം നേതാവ് പി.കെ. ഗുരുദാസൻ, എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം താമരക്കുളം സലിം തുടങ്ങിയവർ ചിന്നക്കടയിൽ വനിതാമതിലിന് പിന്തുണയുമായി എത്തിയിരുന്നു. പാരിപ്പള്ളി മുതൽ ഓച്ചിറ വരെ വിവിധ കേന്ദ്രങ്ങളിൽ ചെറുതും വലുതുമായ പൊതുയോഗങ്ങളും സംഘടിപ്പിച്ചു.